
എഴുത്തിലൂടെ സ്വയം അനുഭവിക്കുന്ന സന്തോഷമാണ് ടി. പത്മനാഭൻ വായനക്കാരിലേക്കു പകരുന്നത്. അത് വായനക്കാർ രുചിക്കുമ്പോൾ അതിലും സന്തോഷമെന്നാണ് അദ്ദേഹം പറയുന്നത്. പ്രത്യാശയുടെ പ്രകാശം,കാരുണ്യം, ദയ... ഇതെല്ലാം ആ കഥകളുടെ രുചിക്കൂട്ടാകുന്നു. ഏറ്റവും പുതിയ പത്മനാഭൻ കഥകളിലൊന്നിന്റെ പേരു തന്നെ 'ദയ" എന്നാണ്. കഥയുടെ ഈ സൂര്യശോഭയ്ക്ക് ഇന്ന് 95-ാം പിറന്നാൾ നിറവാണ്.
ടി.പത്മനാഭന്റെ എഴുത്തു ജീവിതത്തിൽ ഒരിക്കലും ജീവിതവും സാഹിത്യവും രണ്ടായിരുന്നില്ല. 95 വർഷത്തെ അദ്ദേഹത്തിന്റെ ജീവിതം എന്താണെന്നു ചോദിച്ചാൽ ആ കഥകളാണെന്നു പറയാം. അദ്ദേഹം തന്നെ പറയാറുണ്ട്: 'എന്റെ കഥ എന്റെ ജീവിതമാണ്. എന്റെ കഥകളിലൂടെ, എന്റെ സൃഷ്ടികളിലൂടെ എന്നെ മനസിലാക്കാം!"
അതു ശരിയാണ്; കഥയിൽ നിന്നു വേറിട്ട ജീവിതമോ, ജീവിതത്തിൽ നിന്നു വേറിട്ട കഥയോ ടി. പത്മനാഭനില്ല.
പിറന്നാളിനോടനുബന്ധിച്ച് പ്രത്യേകിച്ച് ആഘോഷമൊന്നുമില്ലെന്ന് പത്മനാഭൻ പറയുന്നു. അങ്ങനെയൊരു പതിവില്ല. ഷഷ്ഠിപൂർത്തിയും നവതിയും കൊണ്ടാടിയിട്ടില്ല. പുറംലോകത്തിന്റെ ആഘോഷങ്ങൾക്ക് നിന്നുകൊടുക്കാതെ തന്റെ എഴുത്തിനേയും പുസ്തകങ്ങളേയും സഹജീവികളേയും സ്‌നേഹിച്ച് അദ്ദേഹം മാറി നിന്നു. ടി. പത്മനാഭന്റെ വീട്ടിൽ പുസ്തകം കഴിഞ്ഞാൽ കൂടുതലുള്ളത് സംഗീത ശേഖരമാണ്. ഹിന്ദുസ്ഥാനി സംഗീതവും കർണാടക സംഗീതവും പാശ്ചാത്യ സംഗിതവും ഒരുപോലെ ഇഷ്ടം. ഓരോ കഥ വായിക്കുമ്പോഴും പശ്ചാത്തലമായി ഒരു നേർത്ത സംഗീതത്തിന്റെ അലയൊലി അനുഭവിക്കാൻ സാധിക്കുന്നു. പനിനീർപ്പൂക്കളാണ് മറ്റൊരിഷ്ടം.
തൊണ്ണൂറാം പിറന്നാൾ മുതൽ സ്വാമി കൃഷ്ണാനന്ദ ഭാരതിയുടെ പോത്താംകണ്ടം ആനന്ദഭവനത്തിൽ സ്വാമി താത്പര്യമെടുത്ത് ചെറിയ പരിപാടികൾ നടത്താറുണ്ട്. ഇത്തവണയും പിറന്നാളുമായി ബന്ധപ്പെട്ട് അവിടെ പരിപാടിയുണ്ട്. അമ്മയുണ്ടായിരുന്നപ്പോൾ പിറന്നാളിന് വീട്ടിൽ ഒരുനേരം സദ്യ ഒരുക്കിയിരുന്ന ഓർമയും അദ്ദേഹം പങ്കുവയ്ക്കുന്നു. കണ്ണൂർ പള്ളിക്കുന്നിലെ വീട്ടിൽ പുസ്തകങ്ങൾക്കും പുരസ്‌കാരങ്ങൾക്കും നടുവിലിരുന്ന് ആശംസകൾക്ക് ഫോണിൽ മറുപടി നല്‍കുന്നതാണ് പിറന്നാളുമായി ബന്ധപ്പെട്ടുള്ള മറ്റൊരു പതിവ്.
സമകാലിക വിഷയങ്ങളിലെല്ലാം നിരന്തരം പ്രതികരിക്കുന്ന ടി. പത്മനാഭൻ അഭിപ്രായങ്ങളുടെ കുന്തമുന മൂർച്ചയാൽ ഒരുപാട് തെറ്റിദ്ധരിക്കപ്പെട്ടിട്ടുമുണ്ട്. സമരസപ്പെടാൻ ബുദ്ധിമുട്ടുള്ളവരോട് അത് തുറന്നുകാട്ടാൻ അദ്ദേഹം മടിക്കാറില്ല. ആരുടെ മുന്നിലും അഭിനയിച്ചു ശീലമില്ല എന്നതാണ് അതിനർത്ഥം. അടുത്തറിയുന്നവർക്കു മാത്രം തിരിച്ചറിയാം, ആ ആർദ്രമനസ്. കഥകളിലെ സ്‌നേഹസമ്പന്നനായ 'അയാൾ" ആണ് ജീവിത്തിലെ യഥാർത്ഥ പത്മനാഭൻ.