
കണ്ണൂർ: രണ്ട് കോച്ചുകൾ അധികം അനുവദിച്ചിട്ടും വടക്കേ മലബാറുകാരുടെ പ്രധാന ആശ്രയമായ പരശുറാം എക്സ്പ്രസിലെ ദുരിതയാത്രയ്ക്ക് ശമനമില്ല. അതികാലത്തെ എഴുന്നേറ്റ് വീട്ടുജോലിയും തീർത്ത് ദൂരെയുള്ള ജോലിസ്ഥലത്തേക്കുള്ള കഠിനമായ യാത്രയിൽ തിക്കും തിരക്കിനുമിടയിൽ പെട്ട് സ്ത്രീയാത്രക്കാരടക്കമുള്ളവർ തളർന്നുവീണ നിരവധി സംഭവങ്ങളാണ് പരശുറാം യാത്രയിൽ ആവർത്തിക്കപ്പെടുന്നത്.
നിരന്തരമായ പരാതിയും പ്രതിഷേധവും കണക്കിലെടുത്ത് പരശുറാം എക്സ് പ്രസിൽ രണ്ട് ബോഗികൾ കൂട്ടിയിരുന്നു.നേരത്തെയുണ്ടായിരുന്ന 21 കമ്പാർട്ടുമെന്റുകൾ 23 ആക്കിയാണ് വർദ്ധിപ്പിച്ചത്. രണ്ട് എ.സി, നാല് റിസർവ്ഡ് ചെയർകാറുകൾ, എന്നിവ കഴിഞ്ഞാൽ പതിനാറ് അൺറിസർവ്ഡ് കമ്പാർട്ട്മെന്റുകളാണ് ഈ ട്രെയിനിലുള്ളത്. മംഗലാപുരത്ത് നിന്നും രാവിലെ 5.05നാണ് പരശുറാം എക്സ്പ്രസ് യാത്ര ആരംഭിക്കുന്നത്. കണ്ണൂരിൽ 7.07 നും കോഴിക്കോട് 8.37 നും എത്തിചേരും. വന്ദേഭാരതിന് വേണ്ടി ഇടയ്ക്ക് പിടിച്ചിടുക കൂടിയാകുമ്പോൾ നരകതുല്യമാകുകയാണ് പരശുറാം യാത്ര.മംഗളൂരുവിൽ നിന്ന് കണ്ണൂരിലേക്കുള്ളതിലും അധികമാളുകളാണ് കണ്ണൂരിൽ നിന്ന് കോഴിക്കോട്ടേക്ക് കയറാൻ കാത്തുനിൽക്കുന്നത്.
സോറി, മെമു അങ്ങോട്ടില്ല
തിരക്ക് കുറയ്ക്കാൻ കണ്ണൂർ കോഴിക്കോട് റൂട്ടിൽ രാവിലെയും വൈകിട്ടും മെമു സർവീസ് അനുവദിക്കണമെന്ന ആവശ്യം റെയിൽവേ ചെവികൊണ്ടിട്ടില്ല. സമയത്ത് ഓഫീസുകളിലും കോളജുകളിലും എത്തിപ്പെടാനുള്ള ജീവനക്കാരുടേയും വിദ്യാർത്ഥികളുടേയും നെട്ടോട്ടമാണ് പരശുറാം എക്സ്പ്രസിലെ യാത്രയെ ഇത്രയും കഠിനമാക്കുന്നത്.കൂട്ടത്തിൽ .ലേഡീസ് കമ്പാർട്ടുമെന്റിലെ അവസ്ഥയാണ് ഏറ്റവും പരിതാപകരം.ഓഫീസ് സമയം കണക്കാക്കി കണ്ണൂർ കോഴിക്കോട് റൂട്ടിൽ രാവിലെയും വൈകിട്ടും മെമു സർവീസ് ഏർപ്പെടുത്തിയാൽ ഈ പ്രശ്നം പരിഹരിക്കാവുന്നതേയുള്ളു. നിലവിൽ കണ്ണൂർ-ഷൊർണൂർ റൂട്ടിൽ ഒരു പാസഞ്ചർ സർവീസ് ഉണ്ടെങ്കിലും 8.10നാണ് അത് കണ്ണൂരിൽ നിന്ന് പുറപ്പെടുന്നത്.
വടക്കേ മലബാറിനോട് മാത്രം
യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും ഒട്ടും പിന്നിലല്ലാത്ത വടക്കേ മലബാറിലെ റെയിൽവേ സ്റ്റേഷനുകളെ സർവീസുകളുടെ കാര്യത്തിൽ പാടെ അവഗണിക്കുകയാണ് റെയിൽവേ. കൂട്ടത്തിൽ ഏറ്റവും അവഗണന നേരിടുന്നത് കണ്ണൂരിന് വടക്കോട്ടാണ്. ഏറ്റവുമൊടുവിൽ പാർലിമെന്റിൽ രാജ്മോഹൻ ഉണ്ണിത്താൻ എം.പി കേന്ദ്ര റെയിൽവേ മന്ത്രിയുടെ ശ്രദ്ധയിൽ കാസർകോട് ജില്ലയിലെ ട്രെയിൻയാത്രാദുരിതത്തെ കൃത്യമായി എത്തിച്ചിരുന്നു. എക്സിക്യുട്ടീവ് എക്സ് പ്രസ് അടക്കമുള്ള ആറോളം ട്രെയിനുകൾ കണ്ണൂരിൽ നിർത്തിയിടുമ്പോഴാണ് വടക്കോട്ടേക്ക് വൈകിട്ട് 7.35ന് കണ്ണൂരിൽ നിന്ന് നേത്രാവതി എക്സ് പ്രസ് പുറപ്പെട്ടുകഴിഞ്ഞാൽ അടുത്ത ട്രെയിൻ പിറ്റേദിവസം പുലർച്ചെ രണ്ടരയോടെയെത്തുന്ന വെസ്റ്റ് കോസ്റ്റ് എക്സ് പ്രസ് ആണെന്നറിയുമ്പോഴാണ് വടക്കെ മലബാറിനോടുള്ള റെയിൽവേ അവഗണനയുടെ ആഴം വ്യക്തമാകുന്നത്.
ദേശീയപാത നിർമ്മാണം നടക്കുന്നതിനാൽ റോഡ് വഴിയുള്ള യാത്ര അതീവദുർഘടമാണെന്നതിനാൽ ട്രെയിനുകളെ ആശ്രയിക്കുന്നവരുടെ എണ്ണം വർദ്ധിച്ചിട്ടുമുണ്ട്.