തളിപ്പറമ്പ്: ചിറവക്കിൽ ട്രാഫിക് സിഗ്നൽ സംവിധാനം നടപ്പാക്കിയ ശേഷമുള്ള ഗതാഗതപ്രശ്നങ്ങൾ പരിഹരിക്കുന്നതിന് നഗരസഭ ചെയർപേഴ്സന്റെ അദ്ധ്യക്ഷതയിൽ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗം ചേർന്നു. പുതുതായി സ്ഥാപിച്ച ബസ് സ്റ്റോപ്പിനും സമീപത്തുള്ള കടകളിലേക്കും കയറുന്നതിന് ബുദ്ധിമുട്ടില്ലാത്ത രീതിയിൽ പരീക്ഷണാടിസ്ഥാനത്തിൽ നിലവിലുള്ള 15 ഓട്ടോറിക്ഷകളിൽ 8 എണ്ണം നിലവിലെ സ്റ്റാൻഡിൽ നിർത്തുന്നതിനും ബാക്കിവരുന്ന ഏഴെണ്ണം ലൂർദ് ആശുപത്രിക്ക് എതിർവശം പാർക്ക് ചെയ്യുന്നതിനായി പുതിയ ഓട്ടോ സ്റ്റാൻഡ് അനുവദിക്കുന്നതിനും തീരുമാനിച്ചു.
തളിപ്പറമ്പിൽ ഒരു ട്രാഫിക് പൊലീസ് സ്റ്റേഷൻ അനുവദിക്കണമെന്ന് ആവശ്യപ്പെടും. തളിപ്പറമ്പിൽ നിന്ന് മന്ന ഭാഗത്തേക്ക് പോകുന്ന കോമ്പസ് പോയിന്റിന് മുൻവശത്തുള്ള ബസ് സ്റ്റോപ്പ് മാറ്റിയതായി ബോർഡ് വയ്ക്കുന്നതിന് തീരുമാനിച്ചു. സ്റ്റോപ്പ് ലൈനും സീബ്രാ ലൈനും വരയ്ക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിന് പി.ഡബ്‌ള്യു.ഡി, എൻ.എച്ച് പ്രതിനിധികളോട് ആവശ്യപ്പെട്ടു. യോഗത്തിൽ വൈസ് ചെയർമാൻ കല്ലിങ്കിൽ പത്മനാഭൻ, പി.ഡബ്‌ള്യു.ഡി സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.പി മുഹമ്മദ് നിസാർ, കൗൺസിലർമാരായ കെ.എം.ലത്തീഫ്, പി.ഗോപിനാഥൻ, നഗരസഭാ സെക്രട്ടറി കെ.പി.സുബൈർ, ട്രാഫിക് എസ്.ഐ രഘുനാഥ്, അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ സി.വി.പത്മരാജൻ, ഹൈവേ അതോറിറ്റി പ്രതിനിധി അബ്ദുള്ള, പി.ഡബ്‌ള്യു.ഡി അസി. എൻജിനീയർ എ.എ.ഉണ്ണി, ജെ.എസ്.ആർ.ഡി.ഒ. കെ.വി.അബ്ദുൽ റഷീദ്, വ്യാപാരി -ബസ് -ഓട്ടോറിക്ഷ പ്രതിനിധികൾ പങ്കെടുത്തു.