2

മൃഗബലിക്ക് പകരമായി കുമ്പളങ്ങ വെട്ടി സമർപ്പിക്കാൻ കല്പിച്ചതാണ് ശ്രീനാരായണ ഗുരുദേവൻ. കുമ്പളങ്ങ വെട്ടുന്നത് കിമിനൽ കുറ്റമല്ലല്ലോ എന്നാണ് ഗുരു പറഞ്ഞത്. ഗുരുവിന്റെ ഇടപെടലിലൂടെ പിന്നോക്ക സമുദായങ്ങൾക്കിടയിലും പട്ടിക വിഭാഗങ്ങൾക്കിടയിൽ മാടൻ, മറുത, യക്ഷി തുടങ്ങിയ പ്രാകൃത ആരാധനകൾ കുറഞ്ഞിരുന്നു. ഗുരു, ശിവനെയും സുബ്രഹ്മണ്യനെയും പ്രതിഷ്ഠിച്ചത് ദുരാചാരങ്ങളുമായി ഇരുളിൽ കഴിഞ്ഞിരുന്ന കേരളത്തിന് നവോത്ഥാനത്തിന്റെ വെളിച്ചം പകരുന്നതിന് തെല്ലൊന്നുമല്ല ഉപകരിച്ചത്.

കുടില ചിന്തകളിൽ നിന്ന് മോചിപ്പിച്ച് മനുഷ്യമനസിനെ ഒരേസമയം ആത്മീയ ബോധത്തിലേക്കും അവകാശലോകത്തിലേക്കും ഗുരു വഴി നടത്തി. അന്നത്തെ സാമൂഹ്യ അന്തരീക്ഷത്തിൽ നിന്ന് ബഹുഭൂരിപക്ഷം ജനതയെയും രക്ഷിക്കുക എന്ന പാവനമായ ലക്ഷ്യമായിരുന്നു അരുവിപ്പുറം പ്രതിഷ്ഠയിലൂടെ ഗുരു നടത്തിയത്. ഗുരുദേവൻ സ്ഥാപിച്ച ക്ഷേത്രങ്ങളിൽ എല്ലാ ജാതിക്കാർക്കും പ്രവേശനം അനുവദിച്ചു. താഴ്ന്ന ജാതിക്കാരെ പൂജാരിമാരാക്കി. തീണ്ടലിന്റെ കാലത്ത് സാമൂഹിക വിപ്ലവം ആയിരുന്നു ക്ഷേത്രപ്രവേശനം. കെട്ടുകല്യാണം, പുളികൂടി, തിരണ്ടൽ തുടങ്ങിയ അനാചാരങ്ങൾ ഇല്ലാതാക്കി. ക്ഷേത്രങ്ങൾക്ക് സമീപം അറിവ് പകരുന്ന വിദ്യാലയം ഉണ്ടാകണമെന്ന് ഗുരു ഉപദേശിച്ചു. ഗുരു അവസാനിപ്പിക്കാൻ ശ്രമിച്ച ദുരാചാരങ്ങൾ ആണ് നരബലിലൂടെയും കൂടോത്രങ്ങളിലൂടെയും തിരിച്ചു വരുന്നത്.

നരബലി, ജന്തുബലി മുതലായ ഹീനമായ ആരാധനാ സമ്പ്രദായങ്ങളെ അതിശക്തമായി വിമർശിച്ചു. കോഴിവെട്ട്, മൃഗബലി മുതലായ ദുരാചാരങ്ങൾ പിന്തുടർന്ന ജനങ്ങളെ അതിൽ നിന്നും പിന്തിരിപ്പിക്കാൻ വേണ്ടിയാണ് നാം പ്രതിഷ്ഠകൾ നടത്തിയത് എന്നാണ് ഗുരുദേവൻ പറഞ്ഞത്. തമിഴ് നാട്ടിലെ കോട്ടാര് എന്ന സ്ഥലത്ത് ജന്തു ബലിയും അന്ധവിശ്വാസങ്ങളും കൊണ്ടാടിയിരുന്ന 42 ക്ഷേത്രങ്ങൾക്ക് പകരമായി 'പിള്ളേർ കോവിൽ' ക്ഷേത്രം നിർമ്മിച്ച് ഗണപതിയെ പ്രതിഷ്ടിച്ചു. 1921ൽ ജന്തുബലി, തെറിപ്പാട്ട് തുടങ്ങിയവ ഉണ്ടായിരുന്ന മുരുക്കുംപുഴ ക്ഷേത്രത്തിലെ പഴയകാളി പ്രതിഷ്ഠ ഗുരു എടുത്തുമാറ്റി. അന്ധവിശ്വാസവും അനാചാരവും കൊണ്ടും മലിനമാക്കപ്പെട്ട സമൂഹത്തെ ശുദ്ധമായ ആത്മീയതയിലേക്കും യഥാർത്ഥമായ വിശ്വാസത്തിലേക്കും ശ്രീനാരായണ ഗുരു ജനങ്ങളെ നയിക്കുകയാണ് ചെയ്തത്.

ഗുരുവിലേക്ക് മടങ്ങണം സ്വാമി സച്ചിദാനന്ദ

മനുഷ്യൻ മനുഷ്യനെ ഇല്ലാതാക്കുന്ന ദുരവസ്ഥക്ക് പരിഹാരം കാണാൻ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും കൂടോത്രവും ദുരമന്ത്രവാദവും ഇല്ലാതാക്കുന്നതിന് ശ്രീനാരായണ ഗുരുദേവൻ കൽപ്പിച്ച വഴികളിലേക്ക് പൊതുസമൂഹം മടങ്ങണമെന്ന് ശിവഗിരി ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പ്രതികരിച്ചു. ഗുരു ഇല്ലാതാക്കിയ ദുരാചാരങ്ങൾ പരിഷ്‌കൃത സമൂഹത്തിലും സംഭവിക്കുന്നു എന്നത് ഗൗരവത്തിലെടുക്കണം. മാനസിക സംഘർഷം അനുഭവിക്കുമ്പോൾ ഇത്തരം ഹീനമായ ആചാരങ്ങളുടെ പിറകെ പോകുന്ന ജനങ്ങളുടെ ബോധനിലവാരത്തിൽ കാതലായ മാറ്റങ്ങൾ ഉണ്ടാകണം. സാമ്പത്തികവും മന:ശാസ്ത്രപരവുമായ അരക്ഷിതാവസ്ഥയാണ് ഇതിനൊക്കെ പിന്നിൽ. അധികാര കേന്ദ്രങ്ങളുടെയും നിയമ സംവിധാനത്തിന്റെയും പരാധീനതകളും പോരായ്മകളും കൂടിചേരുന്ന ദുരവസ്ഥയാണിത്. ദരിദ്രരും പാർശ്വവൽക്കരിക്കപ്പെട്ടവരുമാണ് ഇതിന്റെ വിന അനുഭവിക്കുന്നത്. സമൂഹത്തെ ഗ്രസിക്കുന്ന വലിയ വിപത്തായി മാറുന്ന ഇത്തരം സംഭവങ്ങൾ തടയാൻ ശക്തമായ ബോധവൽക്കരണം നടത്തണമെന്നും ഗുരുവിന്റെ ദർശനങ്ങളും കാഴ്ചപ്പാടുകളും പഠിപ്പിക്കണം.അതിനായി പഠനക്യാമ്പുകൾ, ക്‌ളാസുകൾ നടത്തണം.സ്വാതികമായ ആരാധനയുടെ ഫലം എന്താണെന്ന് ജനങ്ങൾ അറിയണമെന്നും സ്വാമി പറഞ്ഞു. .

കൂടോത്രങ്ങൾക്ക് പിന്നിൽ കച്ചവട തന്ത്രം : അരയാക്കണ്ടി സന്തോഷ്

കൂടോത്രവും അന്ധവിശ്വാസവും അനാചാരവും ഒക്കെ ഒരു കൂട്ടർ അവരുടെ കച്ചവട സംവിധാനമാക്കി മാറ്റിയിരിക്കുന്ന കാലമാണിത്. അത്തരം കുടില ബുദ്ധികളുടെ കൈയിൽ അകപ്പെടാതെ നോക്കേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്വമാണെന്ന ബോധത്തിലേക്ക് ഈ സമൂഹം വരണമെന്ന് 'കേരള കൗമുദി' പ്രസിദ്ധീകരിച്ച പരമ്പരയോട് പ്രതികരിച്ച് കൊണ്ട് എസ്.എൻ.ഡി പി യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് പറഞ്ഞു. അനാചാരങ്ങളും ദുർമന്ത്രവാദവും ചെയ്യുന്നവരെ പ്രോത്സാഹിപ്പിക്കുന്ന സമീപനം പലയാളുകളുടെ ഭാഗത്ത് നിന്നും ഇന്ന് കാണുന്നുണ്ട്. ഇത്തരം കാര്യങ്ങളിൽ ജനങ്ങളെ ബോധവൽക്കരിക്കുകയെന്നത് അനിവാര്യമായ കാര്യമാണ്. സാമ്പത്തികവും മാനസികവുമായ പ്രശ്നങ്ങളും പേടിയുമാണ് ആളുകൾ ഇവയുടെ പിന്നാലെ പോകുന്നതിന് കാരണമാകുന്നത്. അനാചാരങ്ങൾ ഇല്ലാതാക്കാൻ സർക്കാരും പൊലീസ് അധികാരികളും കർശന നടപടി കൈക്കൊള്ളണം. ഗുരുദേവൻ ഇല്ലാതാക്കിയ ദുരാചാരങ്ങൾ നിർമ്മിത ബുദ്ധിയുടെ കാലത്തും ഈ സമൂഹത്തിൽ നടമാടുന്നു എന്നത് ലജ്ജാകരമാണ്. അനാചാരങ്ങൾ ഇല്ലാതാക്കാൻ ഗുരുവിന്റെ ഉപദേശങ്ങൾക്ക് കൂടുതൽ പ്രസക്തി കൈവന്ന കാലഘട്ടമാണിതെന്നും അരയാക്കണ്ടി സന്തോഷ് പറഞ്ഞു.