തളിപ്പറമ്പ്: തളിപ്പറമ്പ് ജുമാഅത്ത് പള്ളി ട്രസ്റ്റ് കമ്മിറ്റി കണക്കുകളിൽ നടത്തിയ ഓഡിറ്റിൽ ക്രമക്കേടുകൾ കണ്ടെത്തി റിപ്പോർട്ട് നൽകി 30 മാസം കഴിഞ്ഞിട്ടും നടപടിയെടുക്കാത്തതിൽ വഖഫ് ബോർഡ് തളിപ്പറമ്പ് ഡിവിഷൻ ഓഫീസിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് തളിപ്പറമ്പ് മഹല്ല് വഖഫ് സ്വത്ത് സംരക്ഷണ സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കഴിഞ്ഞ 30 മാസത്തിലേറെയായി നടത്തിയ പോരാട്ടത്തിന്റെ ആദ്യഘട്ട വിജയമാണ് ജുമാഅത്ത് പള്ളി പരിപാലന കമ്മിറ്റി പിരിച്ചു വിട്ട് താൽക്കാലിക മുതവല്ലിയെ നിയമിച്ച വഖഫ് ജുഡീഷ്യൽ കമ്മിറ്റി നടപടിയെന്നും ഭാരവാഹികൾ പറഞ്ഞു.
നൂറ്റാണ്ടുകൾ പഴക്കമുള്ള തളിപ്പറമ്പ് ജുമാഅത്ത് പള്ളിയുടെ സ്വത്തുക്കൾ അതിന്റെ പരിപാലന ചുമതല വഹിച്ചവരുടെ കെടുകാര്യസ്ഥത കൊണ്ട് അന്യാധീനപ്പെടുകയും നിരവധി അഴിമതികൾ നടന്നതായും കണ്ടെത്തിയതിനെ തുടർന്ന് മൂന്ന് വർഷം മുമ്പാണ് തളിപ്പറമ്പ് മഹല്ല് വഖഫ് സ്വത്ത് സംരക്ഷണ സമിതി പോരാട്ടം തുടങ്ങിയത്. ചരിത്രത്തിൽ ആദ്യമായി ജുമാ അത്ത് പള്ളി വളപ്പിലെ ട്രസ്റ്റ് കമ്മിറ്റി ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി. പ്രവർത്തകർ ഇതിന്റെ പേരിൽ അക്രമത്തിനിരയാവുകപോലും ചെയ്തു. നിയമ പോരാട്ടം ഉൾപ്പെടെ നടത്തിയതിന്റെ ഫലമാണ് താൽക്കാലിക മുതവല്ലിയെ നിയമിച്ച വഖഫ് ജുഡീഷ്യൽ കമ്മിറ്റി നടപടി. അടുത്ത ലക്ഷ്യങ്ങൾക്കായി വീണ്ടും ശക്തമായ പോരാട്ടങ്ങളുമായി സംരക്ഷണ സമിതി മുന്നോട്ടു പോകുമെന്നും ഭാരവാഹികളായ സി.അബ്ദുൽ കരീം, കെ.പി.എം.റിയാസുദ്ധീൻ, ചപ്പൻ മുസ്തഫ ഹാജി എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.