
സമൂഹത്തിൽ നടമാടുന്ന അന്ധവിശ്വാസവും അനാചാരങ്ങളും ഇല്ലാതാക്കാൻ സർക്കാർ ശക്തമായ നിയമനിർമ്മാണം നടത്തേണ്ടത് അനിവാര്യമാണെന്ന് കാസർകോട്ടെ പ്രമുഖ അഭിഭാഷകൻ അഡ്വ.കെ.കുമാരൻ നായർ പറഞ്ഞു.
ഇതിനെതിരായി ബില്ല് കൊണ്ടുവരാൻ വർഷങ്ങളായി ശ്രമിച്ചിട്ടും സാധിച്ചിട്ടില്ലെന്നത് ഖേദകരമാണ്. അന്ധവിശ്വാസത്തിന്റെ നിർവചനത്തിൽ പോലും സംശയമുള്ള കാലമാണിത്. ദൈവവിശ്വാസം പോലും അന്ധവിശ്വാസമായി വ്യാഖ്യാനിക്കപ്പെടുകയാണ്. ഒരാളുടെ വിശ്വാസം മറ്റൊരാളുടെ അന്ധവിശ്വാസമാവുകയാണ്. അനാചാരങ്ങളുടെ മറവിൽ ആളുകളെ ചൂഷണം ചെയ്യുന്ന പ്രക്രിയ പൂർണ്ണമായും ഇല്ലാതാക്കാൻ ജനാധിപത്യ സമൂഹത്തിൽ പ്രയാസമായിരിക്കും. ജനങ്ങളിൽ വലിയ രീതിയിൽ ബോധവൽക്കരണം നടത്തുകയാണ് പ്രധാനമെന്നും അഡ്വ.കുമാരൻ നായർ പറഞ്ഞു.
ഇതാണ് പോരായ്മകൾ
ദുർമന്ത്രവാദം, അനാചാരം കൂടോത്രം എന്നിവയുടെ പേരിൽ കൊള്ളയും കൊലയും ചൂഷണവും നടന്നാലും പ്രത്യേകമായി ശിക്ഷിക്കാൻ നിലവിൽ നിയമമില്ല.
ആഭിചാരക്രിയകൾക്കായി നിരോധിക്കപ്പെട്ട മരുന്നുകൾ നൽകുക, അത്ഭുത സിദ്ധിയുള്ള മരുന്ന് നൽകി ആളുകളെ പറ്റിക്കുക, പണം തട്ടുക, കൊല്ലുക തുടങ്ങി ഏതെങ്കിലും കുറ്റകൃത്യങ്ങളുടെ ഭാഗമായി മാത്രമാണ് ഈ കേസുകൾ പരിഗണിക്കുന്നത്. ശക്തമായ പ്രത്യേക നിയമം ഉണ്ടായാൽ കടുത്ത ശിക്ഷ നൽകാൻ കോടതിക്ക് സാധിക്കും.
ഓരോ സംഭവങ്ങളിലും കൂടുതൽ വ്യക്തതയുണ്ടായാൽ പ്രതികൾ ശിക്ഷിക്കപ്പെടും.
പ്രശ്നം ധനകേന്ദ്രീകൃത വ്യവസ്ഥിതി
വിദ്യാസമ്പന്നരെന്നും പ്രബുദ്ധരെന്നും പുരോഗമനവാദികളെന്നും മേനി നടിക്കുമ്പോഴും പ്രാകൃത സമൂഹത്തെ പോലും വെല്ലുന്ന രീതിയിലുള്ള നരബലിയും കൂടോത്രവും ദുർമന്ത്രവാദവും കൊഴുക്കുകയാണ്. ഇതുസംബന്ധിച്ച് കേരള കൗമുദി പ്രസിദ്ധീകരിച്ച പരമ്പര ശ്രദ്ധേയമായി. ധനാധിഷ്ഠിത സംസ്ക്കാരത്തിന് പ്രാധാന്യം കല്പിക്കുന്ന മതാധിഷ്ഠിത സമൂഹത്തിന്റെ നവലോക നിർമ്മിതിക്കുള്ള കുറുക്കുവഴിയാണിത്. അനുദിനം സാമ്പത്തിക അഭിവൃദ്ധിയും പണം തരുന്ന സോഷ്യൽ സ്റ്റാറ്റസും അധികാര പദവിയും ആഡംബരങ്ങളും മറ്റ് ഭൗതീക സുഖങ്ങളും ലക്ഷ്യമിട്ട് മാർഗ്ഗങ്ങൾ ആരായുമ്പോൾ ഇത്തരം ദുഷിച്ച പ്രവൃത്തികൾ ഉണ്ടാകും. താൻ നേടിയത് നഷ്ടപ്പെടുമോ, തന്നെ മറ്റാരെങ്കിലും ദ്രോഹിക്കുന്നുണ്ടോ, തന്നെക്കാൾ മുന്നിൽ മറ്റാരെങ്കിലും എത്തുമോ എന്ന ഭയം മൂലം ബുദ്ധിയും ചിന്താശേഷിയും ഭയത്തിന് അടിപ്പെടും. ചുറ്റിലും ശത്രുക്കളാണെന്ന തോന്നലും ശത്രു ആരെന്നറിയാനുള്ള ജിജ്ഞാസയും മനസ്സിനെ വിഭ്രാന്തിയിലേക്ക് നയിക്കുകയാണ്. മനുഷ്യൻ ധനകേന്ദ്രീകൃത വ്യവസ്ഥിതിയിൽ നിന്ന് പുറത്ത് കടന്നാൽ മാത്രമേ ഇതിനൊരു മാറ്റം കാണാൻ സാധിക്കുകയുള്ളൂ. ആത്മശുദ്ധികൊണ്ട് സ്വയം ആത്മബോധം വളർത്തിയെടുത്ത ഒരു ജനത ഇവിടെ ഉണ്ടാവണം.അതിനുതകുന്ന വിദ്യാഭ്യാസ, കുടുംബ ദർശനങ്ങൾ പ്രചരിപ്പിക്കണം-ഉഷസ് പരപ്പ ( എഴുത്തുകാരി, ആക്ടിവിസ്റ്റ് )
പഴയ കാലത്തെ അനാചാരങ്ങളും അന്ധവിശ്വാസങ്ങളുമൊക്കെ നിരവധി സാമൂഹ്യ പരിഷ്ക്കർത്താക്കളുടെ ഇടപെടൽ കൊണ്ടാണ് ഇല്ലാതാക്കാൻ സാധിച്ചത്. ഈ ആധുനിക കാലഘട്ടത്തിലും വിവിധ തരം അന്ധവിശ്വാസങ്ങളും ആഭിചാര ക്രിയകൾ നടത്താൻ മുന്നിട്ടിറങ്ങുകയും ചെയ്യുന്നവരുണ്ട് എന്നുള്ളത് ഏറെ ചിന്തനീയമാണ്. അടിക്കടി സമൂഹത്തിലുണ്ടാകുന്ന ഒരോ പ്രശ്നങ്ങളും , കൊലപാതകങ്ങളുമൊക്കെ അതിലേക്കാണ് വിരൽചൂണ്ടുന്നത്. വിദ്യാഭ്യാസത്തിലൂടെ മനുഷ്യരെ ഈ അന്ധവിശ്വാസങ്ങളിൽ നിന്ന് മാറ്റാൻ സാധിക്കും. അന്ധവിശ്വാസങ്ങൾ വച്ച് പുലർത്തുന്ന വ്യക്തികളെ ശാസ്ത്രീയമായ ആധികാരികതയോടെ ബോധവത്ക്കരണം നടത്തി അവർക്ക് അതിന്റെ യാഥാർത്ഥ്യം മനസിലാക്കി കൊടുക്കാൻ സാധിക്കണം. ജനങ്ങളെ ബോധവത്ക്കരിക്കുന്നതിൽ 'കേരളകൗമുദിക്ക് പ്രധാന പങ്ക് വഹിക്കാൻ സാധിക്കുമെന്നതിന്റെ തെളിവാണ് പരമ്പര. പുതിയ കാലത്ത് നൂതന സാങ്കേതികവിദ്യകൾ ഉപയോഗിച്ചും ജനങ്ങളെ അന്ധവിശ്വാസങ്ങളിൽ നിന്ന് അകറ്റി നിർത്താൻ സാധിക്കണം. ഒരു പരിവർത്തനത്തിന് എല്ലാവരും ഒറ്റക്കെട്ടായി നിന്ന് പ്രവർത്തിച്ചിട്ടില്ലെങ്കിൽ വളരെ മോശമായ സാമൂഹ്യാവസ്ഥയിലേക്ക് കേരളം മാറിപ്പോകും.
ഡോ. എം.എ മുംതാസ് ( കവയിത്രി )