school-cook

കണ്ണൂർ:മൂന്നുമാസമായി ശമ്പളം ലഭിക്കാതെ ജില്ലയിലെ 1600 ഓളം വരുന്ന സ്കൂൾ പാചകതൊഴിലാളികൾ. മറ്റ് യാതൊരു ആനുകൂല്യങ്ങളും ലഭിക്കാത്ത ഇവർ കടുത്ത പ്രയാസത്തിലൂടെയാണ് കടന്നുപോകുന്നത്.വർഷങ്ങളായി വേതനവർദ്ധനവില്ലാതെ ചെയ്യുന്ന ജോലിക്കാണ് കഴിഞ്ഞ മൂന്നുമാസമായി പ്രതിമാസശമ്പളം പോലും മുടങ്ങിയിരിക്കുന്നത്. ചിലയിടങ്ങളിൽ സ്കൂളിൽ നിന്നും കൂലി നൽകുന്നത് കൊണ്ടുമാത്രമാണ് ഉച്ചഭക്ഷണവിതരണം മുടങ്ങാതിരിക്കുന്നത്.

ദിവസം 600 രൂപയാണ് സ്കൂൾ പാചകതൊഴിലാളികൾക്ക് നിശ്ചയിച്ചിരിക്കുന്ന വേതനം. ഒരുമാസം പരമാവധി 20 പ്രവൃത്തി ദിനങ്ങളാണ് ലഭിക്കുന്നത്. പ്രതിമാസം ലഭിക്കുന്നത് 12000 രൂപ. അവസാനം നൽകിയ ശമ്പളത്തിൽ കേന്ദ്ര വിഹിതം ലഭിച്ചില്ലെന്നാരോപിച്ച് ആയിരം രൂപ കുറച്ചാണ് സംസ്ഥാന സർക്കാർ അനുവദിച്ചത്.വർഷങ്ങളായി ജോലി ചെയ്താലും ഇ.എസ്.ഐയും പെൻഷനും മറ്റ് ആനുകൂല്യങ്ങളൊന്നും സർക്കാർ നൽകുന്നില്ല. മേഖലയിൽ തുടരുന്നവരിൽ അധികവും പ്രായമായവരാണ് . മറ്റൊരു വരുമാന മാർഗമില്ലാത്തതിനാൽ കഷ്ടപ്പെട്ട് ഈ ജോലിയിൽ തന്നെ തുടരുകയാണിവർ.

അതിരാവിലെ തുടങ്ങണം

വൈകിട്ടുവരെ തുടരണം

രാവിലെ എട്ടിന് മുമ്പ് പാചകതൊഴിലാളികൾ സ്‌കൂളിലെത്തി പണിതുടങ്ങും. വൈകീട്ട് നാലുവരെ ജോലി തുടരും. ചോറിനൊപ്പം രണ്ടു കറിയും തോരനും പച്ചടി, കൂട്ടുകറി തുടങ്ങിയ വിഭവങ്ങളെല്ലാം ഉണ്ടാക്കണം. പാത്രങ്ങൾ വൃത്തിയാക്കി അടുക്കള ശുചിയാക്കിയാണ് ദിവസത്തെ ജോലി അവസാനിപ്പിക്കുന്നത്. എന്നാൽ ഇതെല്ലാം ഒരാൾ തന്നെ ചെയ്യേണ്ട അവസ്ഥയാണ്.

500 കുട്ടികൾക്ക് ഒരു തൊഴിലാളി

നിലവിൽ 500 കുട്ടികൾക്ക് ഒരു പാചക തൊഴിലാളി എന്ന നിലയിലാണ് സ്കൂളുകളിൽ ഇവരുടെ നിയമനം. ഇത്രയും കുട്ടികൾക്ക് ഒരാളെ കൊണ്ട് വച്ച് വിളമ്പാൻ പ്രയാസമാണ്. പലരും തങ്ങളുടെ കൈയിൽ നിന്നും പണംമുടക്കി സഹായികളെ വച്ചാണ് പാചകം ചെയ്യുന്നത്.തങ്ങൾക്ക് തന്നെ ശമ്പളം ലഭിക്കാത്ത അവസ്ഥയിൽ മൂന്നുമാസമായി ഇതിനും ബുദ്ധിമുട്ടുകയാണ്. 150 കുട്ടികൾക്ക് ഒരു പാചകതൊഴിലാളി എന്ന ആനുപാതത്തിൽ ജോലിക്ക് ആളെ വെക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.ഇത് ഇതുവരെ സർക്കാർ പരിഗണിച്ചിട്ടില്ല.

അവർക്ക് വേണം

 ക്ഷാമബത്ത, വെയിറ്റേജ്,

150 കുട്ടികൾക്ക് ഒരു തൊഴിലാളി എന്ന അനുപാതം

പി.എഫ്, ഗ്രാറ്റ്വിറ്റി, ഇൻഷ്വറൻസ്, ചികിത്സാചെലവ്

സംസ്ഥാനത്തെ 13,600 ഒാളം വരുന്ന പാചകതൊഴിലാളികൾക്ക് കഴിഞ്ഞ മൂന്ന് മാസമായി ശമ്പളം ലഭിച്ചിട്ടില്ല. കഴിഞ്ഞ കുറച്ച് വർഷമായി കൃത്യമായി ശമ്പളം ലഭിക്കാറില്ല. മാസങ്ങൾ കുടിശികയാകും. സമരം ചെയ്ത് പ്രതിഷേധിക്കുമ്പോൾ കുറച്ച് നൽകും. അല്ലെങ്കിൽ സ്‌കൂളിലെ അദ്ധ്യാപകർ സ്വന്തം കീശയിൽ നിന്ന് ശമ്പളം കൊടുക്കുന്ന അവസ്ഥയാണ്.

സി പി .കനക,
ജില്ലാ ജനറൽ സെക്രട്ടറി ,സ്‌കൂൾ പാചകതൊഴിലാളി അസോസിയേഷൻ