കണ്ണൂർ: വനിതാ ശിശു വികസന വകുപ്പിന് കീഴിലുള്ള 'കാതോർത്ത് ' പദ്ധതി ഓൺലൈൻ സേവനം കൂടുതൽ കാര്യക്ഷമമാക്കുന്നു. ബോധവത്കരണത്തിലൂടെയും പ്രചരണ പരിപാടികളിലൂടെയും ഓൺലൈൻ സേവനം കൂടുതൽ പേരിൽ എത്തിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇതോടെ നിരവധി പേർ പരാതിയുമായി മുന്നോട്ടുവരുന്നുണ്ടെന്ന് അധികൃതർ പറഞ്ഞു.
സമൂഹത്തിലെ സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായാണ് വകുപ്പ് കാതോർത്ത് പദ്ധതിക്ക് തുടക്കം കുറിച്ചത്. തുടക്കത്തിൽ ഫോൺകോളിലൂടെ മാത്രമാണ് പദ്ധതി മുന്നോട്ടു പോയത്. എന്നാൽ പദ്ധതിയുടെ പ്രയോജനം കൂടുതൽ ആളുകളിലേക്ക് എത്തിക്കുന്നതിനായി അടുത്തിടെ ഓൺലൈൻ സേവനത്തിലേക്കും കടക്കുകയായിരുന്നു. ഇതോടെ സ്മാർട്ട് ഫോൺ ഉപയോഗിച്ച് അധികൃതർക്ക് നേരിട്ട് പരാതി നൽകാനുള്ള സൗകര്യമാണ് ലഭ്യമായത്.
ഓൺലൈൻ കൗൺസിലിംഗ്, പൊലീസ് സഹായം, നിയമസഹായം എന്നീ സേവനങ്ങളാണ് ലഭ്യമാകുക. കണ്ണൂർ ജില്ലയിൽ മൂന്ന് കൗൺസിലർമാരും നാല് വക്കീലന്മാരുമുണ്ട്. കണ്ണൂർ സിറ്റി, കണ്ണൂർ റൂറൽ വിഭാഗങ്ങളിൽ വനിതാ സെല്ലിലെ പൊലീസുകാരുടെ സേവനവും ലഭ്യമാണ്.
സേവനം ഇങ്ങനെ
സ്മാർട്ട് ഫോൺ ഉപയോഗിച്ച് www.kathorthu.wcd.kerala.gov.in എന്ന വെബ്സൈറ്റിലൂടെ പരാതി രജിസ്റ്റർ ചെയ്യാം.
അടുത്ത പടിയായി പേര്, മേൽവിലാസം, ഫോൺ നമ്പർ, ഇമെയിൽ വിലാസം എന്നിവ നൽകി ആവശ്യമായ സേവനം തിരഞ്ഞെടുക്കണം. കൗൺസിലിംഗ്, നിയമസഹായം, പൊലീസ് സഹായം എന്നിവയിൽ ഒന്നിൽ കൂടുതൽ സേവനങ്ങൾ ഒരേസമയം ആവശ്യമായപക്ഷം അതും രേഖപ്പെടുത്താം. ആവശ്യപ്പെട്ട സേവനം 48 മണിക്കൂറിനുള്ളിൽ ലഭിക്കാൻ അടുത്ത രണ്ടു ദിവസങ്ങളിലെ അനുവദനീയമായ സമയമോ, അഥവാ എന്തെങ്കിലും അസൗകര്യമെങ്കിൽ അതേർസ് എന്ന ഓപ്ഷൻ തിരഞ്ഞെടുത്ത് സൗകര്യമുള്ള സമയമോ രേഖപ്പെടുത്താം. വിവരങ്ങൾ വിജയകരമായി നൽകി പൂർത്തിയാകുന്ന സമയത്ത് അപേക്ഷ രജിസ്റ്റർ ആവുകയും ഒരു സർവീസ് നമ്പർ ഗുണഭോക്താവിന്റെ രജിസ്റ്റർ ചെയ്ത ഇ മെയിൽ അല്ലെങ്കിൽ മൊബൈൽ ഫോണിലേക്ക് എസ്.എം.എസ് ആയി ലഭിക്കുകയും ചെയ്യും.
സേവനം ഉറപ്പാക്കാൻ വി മീറ്റ്
പരാതി ഏത് രീതിയിലുള്ളതാണെന്ന് പരിശോധിച്ച് അതുമായി ബന്ധപ്പെട്ട അധികൃതരുമായി പരാതി കൈമാറും. അതത് വിഭാഗത്തിലെ കൺസൾട്ടന്റുമാർ ഓൺലൈൻ അപ്പോയിന്റ്മെന്റിലൂടെ പരാതിക്കാരിക്ക് സേവനം നൽകും. ഡിസ്ട്രിക്ട് സങ്കൽപ്പ് ഹബ്ബ് ഫോർ എംപവർമെന്റ് ഓഫ് വുമണിന്റെ ജീവനക്കാരാണ് പ്രവർത്തനം ഏകോപിപ്പിക്കുന്നത്. കൗൺസിലിംഗ് ഉൾപ്പെടെയുള്ള ഏത് സഹായത്തിനും വി മീറ്റ് എന്ന ആപ്ലിക്കേഷനിലൂടെയാണ് സേവനം നൽകുക. ഇത് സ്മാർട്ട്ഫോണിൽ ഡൗൺലോഡ് ചെയ്യാവുന്നതാണ്.
കൈമാറുന്ന വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും. ശേഖരിച്ച വിവരങ്ങൾ വകുപ്പിന്റെ പാനലിൽ ഉള്ള ലീഗൽ ആന്റ് സൈക്കോളജിക്കൽ കൗൺസിലേഴ്‌സ്, സൈക്കോളജിസ്റ്റ്, പൊലീസ് എന്നിവയുമായി മാത്രമേ പങ്കിടൂ.
ആര്യ സുകുമാരൻ, ഡിസ്‌ട്രിക്ട് സങ്കൽപ്പ് ഹബ് ഫോർ എംപവർമെന്റ് ഓഫ് വുമൺ ജില്ലാ മിഷൻ കോർഡിനേറ്റർ