കാസർകോട്: ബേക്കലിൽ നിർത്തേണ്ടെന്നും കേരളത്തിലുടനീളം ടൂറിസം സംരംഭങ്ങൾ തുടങ്ങാമെന്നും സർക്കാർ എല്ലാവിധ സഹായങ്ങളും ചെയ്തുതരുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ത്യയിലെ ഏറ്റവും വലിയ ഹോസ്പിറ്റാലിറ്റി കമ്പനിയായ ഇന്ത്യൻ ഹോട്ടൽസ് കമ്പനി ലിമിറ്റഡ് തുടങ്ങിയ 'ഗേറ്റ് വേ ബേക്കൽ' ഹോട്ടൽ ആൻഡ് റിസോർട്ടിന്റെ ഉദ്‌ഘാടനം നിർവ്വഹിക്കവെയാണ് ഗോപാലൻ ഗ്രൂപ്പ് ഡയറക്ടർ ഡോ. സി. പ്രഭാകരനോട് മുഖ്യമന്ത്രി ഇങ്ങനെ പറഞ്ഞത്. ലോകത്തിന്റെ ഏത് കോണിൽ പോയി ജോലിയും ബിസിനസും ചെയ്താലും കേരളം ഒരു വികാരമാണെന്ന് ഡയറക്ടർ ആമുഖഭാഷണത്തിൽ പറഞ്ഞതിനോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കഴിഞ്ഞ ഏതാനും വർഷങ്ങളായി എല്ലാ നഗരങ്ങളിലും പുതിയ ഹോട്ടലുകളും കൺവെൻഷൻ സെന്ററുകളും പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. ഇന്ത്യയിൽ ഏറ്റവും അധികം പഞ്ചനക്ഷത്ര ഹോട്ടലുകൾ പ്രവർത്തിക്കുന്നത് കേരളത്തിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ബേക്കലിലേക്ക് വൻകിട ഹോട്ടൽ ശൃംഖലകൾ വരികയാണ്. 150 കോടി രൂപയുടെ നിക്ഷേപമാണ് ഈ ഗ്രൂപ്പ് ഇപ്പോൾ ഇവിടെ യാഥാർത്ഥ്യമാക്കിയിരിക്കുന്നത്. 151 കിടപ്പുമുറികളുള്ളതാണ് ഉദ്‌ഘാടനം ചെയ്ത ഗേറ്റ് വേ ഹോട്ടൽ. ബേക്കലിൽ മുടങ്ങിയ റിസോർട്ടുകളുടെ നിർമ്മാണം പൂർത്തീകരിക്കുന്നതിന് ഒരു ആക്ഷൻ പ്ലാൻ നടപ്പിലാക്കാൻ സർക്കാർ ഉദ്ദേശിക്കുന്നുണ്ട്. 1995ൽ അൻപതിനായിരത്തിൽ താഴെ മാത്രം സഞ്ചാരികളാണ് ബേക്കലിലേക്ക് വന്നിരുന്നത്. ഇപ്പോൾ വർഷത്തിൽ അഞ്ച് ലക്ഷത്തിലധികം പേർ ഇവിടെ എത്തിച്ചേരുന്നുണ്ട്. ബേക്കൽ ടൂറിസം പദ്ധതിയുടെ ഭാഗമായി 32 ഏക്കർ ഭൂമിയാണ് സർക്കാർ ഏറ്റെടുത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് അദ്ധ്യക്ഷത വഹിച്ചു. രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി മുഖ്യപ്രഭാഷണം നടത്തി. ടൂറിസം പൊതുമരാമത്ത് വിഭാഗം സെക്രട്ടറി കെ. ബിജു, ഐ.എച്ച്.സി.എൽ സീനിയർ വൈസ് പ്രസിഡന്റ് സത്യജിത്ത് കൃഷ്ണൻ എന്നിവർ മുഖ്യാതിഥികളായി. ടാറ്റ ഗ്രൂപ്പ് വൈസ് പ്രസിഡന്റ് ലിയ ടാറ്റ പദ്ധതി വിശദീകരിച്ചു. എം.എൽ.എമാരായ ഇ. ചന്ദ്രശേഖരൻ, എം. രാജഗോപാലൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠൻ, ജില്ലാ കളക്ടർ കെ. ഇമ്പശേഖരൻ, പൊലീസ് മേധാവി ഡി. ശില്പ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ പി. ലക്ഷ്മി, എം. കുമാരൻ, ശോഭ, സുഫൈജ അബൂബക്കർ, ടൂറിസം ഡയറക്ടർ ശിഖ സുരേന്ദ്രൻ പ്രസംഗിച്ചു. അഡ്വ. സി.എച്ച് കുഞ്ഞമ്പു എം.എൽ.എ സ്വാഗതവും ബി.ആർ.ഡി.സി എം.ഡി പി. ഷിജിൻ നന്ദിയും പറഞ്ഞു.