കണ്ണൂർ: ജില്ലയിലെ ബസ് സ്റ്റാൻഡുകളുടെ ശുചിത്വ നിലവാരം വിലയിരുത്തുന്ന സർവ്വെ ആരംഭിച്ചു. സംസ്ഥാനത്ത് ആദ്യമായാണ് ബസ് സ്റ്റാൻഡുകളുടെ വൃത്തിയും വെടിപ്പും മാലിന്യസംസ്കരണവും വിലയിരുത്താൻ സർവ്വെ നടക്കുന്നത്. ഹരിതകേരളം മിഷന്റെ സമ്പൂർണ ശുചിത്വ മാലിന്യ സംസ്കരണ ജനകീയ കാമ്പയിന്റെ ഭാഗമായാണ് ബസ് സ്റ്റാൻഡുകളിലെ പഠനം. കോളേജ് വിദ്യാർത്ഥികളെ ഉൾപ്പെടുത്തിയാണ് സർവ്വെ മുന്നോട്ടുപോകുന്നത്. ഈ മാസം അവസാനത്തോടു കൂടി സർവ്വെ പൂർത്തിയാകുമെന്നും അധികൃതർ പറഞ്ഞു. സർവ്വെക്കു ശേഷം തയ്യാറാക്കുന്ന അവസ്ഥാ പഠനറിപ്പോർട്ട് ബന്ധപ്പെട്ട തദ്ദേശ ഭരണ സ്ഥാപനത്തിനും വകുപ്പുകൾക്കും കൈമാറും.
പയ്യന്നൂർ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന്റെ അവസ്ഥ വിലയിരുത്തിയാണ് തുടക്കമായത്. ഇരിട്ടി ബസ് സ്റ്റാൻഡിന്റെ സർവ്വെ റിപ്പോർട്ട് മൂന്ന് ദിവസത്തിനുള്ളിൽ പൂർത്തിയാകും. കണ്ണൂർ, തലശ്ശരി ബസ് സ്റ്റാൻഡുകളുടെ സർവ്വെ നടന്നു കൊണ്ടിരിക്കുകയാണ്. റിപ്പോർട്ട് ലഭിക്കാൻ കുറച്ചു കൂടി സമയമെടുക്കും. തലശ്ശേരിയിൽ ഇതുമായി ബന്ധപ്പെട്ട യോഗം കഴിഞ്ഞ ദിവസം നടന്നിരുന്നു. 20ന് വീണ്ടും യോഗം ചേരും. കണ്ണൂരിൽ പുതിയ ബസ് സ്റ്റാൻഡ്,പഴയ ബസ് സ്റ്റാൻഡ് എന്നീ രണ്ട് വലിയ ബസ് സ്റ്റാൻഡുകളുള്ളതിനാൽ റിപ്പോർട്ട് ലഭിക്കാൻ കൂടുതൽ സമയമെടുക്കും.
ബസ് സ്റ്റാൻഡുകളുടെ അവസ്ഥ മോശം
ജില്ലയിൽ പയ്യന്നൂർ, കണ്ണൂർ, തലശ്ശേരി കെ.ആർ.ആർ.ടി.സി ബസ് സ്റ്റേഷനുകളും തദ്ദേശ സ്ഥാപന നേതൃത്വത്തിലുള്ള 33 ബസ് സ്റ്റാൻഡുകളുമാണ് ഉള്ളത്. മിക്കവയുടെയും നിലവിലെ അവസ്ഥ മോശമാണ്. മാലിന്യ സംസ്കരണത്തിന്റെയും മതിയായ ശൗചാലയങ്ങളുടെയും അപര്യാപ്തതയുണ്ട്. കൃത്യമായ ശുചീകരണം നടക്കുന്നില്ലെന്നും പരാതിയുണ്ട്.
കോളേജ് വിദ്യാർത്ഥികളെ ഉൾപ്പെടുത്തിയാണ് സർവ്വെ നടത്തുന്നത്. വിദ്യാർത്ഥികൾക്ക് പരീക്ഷ നടക്കുന്നതിനാലാണ് പലയിടത്തും സർവ്വെക്ക് കാലതാമസം നേരിടുന്നത്. ഈ മാസം അവസാനത്തോടു കൂടി സർവ്വെ പൂർത്തിയാക്കി റിപ്പോർട്ട് നൽകും .
ഇ.കെ. സോമശേഖരൻ , ഹരിത കേരളം ജില്ലാ മിഷൻ കോ -ഓഡിനേറ്റർ