പയ്യന്നൂർ: രാമന്തളി പഞ്ചായത്തിന്റെ വടക്കെ അറ്റമായ വടക്കുമ്പാട് പ്രദേശത്തെ ജനങ്ങൾക്ക് എളുപ്പത്തിൽ പയ്യന്നൂരുമായി ബന്ധപ്പെടുവാൻ ഉപകരിക്കുന്ന ചൂളക്കടവ് - കൊറ്റി കടവ് പാലം നിർമ്മാണ പ്രവൃത്തി ഉദ്ഘാടനം ഇന്നലെ വൈകീട്ട് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് നിർവ്വഹിച്ചപ്പോൾ, അര നൂറ്റാണ്ടിലേറെ കാലമായുള്ള ജനങ്ങളുടെ ആവശ്യത്തിനാണ് പരിഹാരമാകുന്നത്.

നിലവിൽ ചൂളക്കടവ് , വടക്കുമ്പാട് പ്രദേശത്തുള്ളവർ കിലോമീറ്ററുകൾ ചുറ്റി വളഞ്ഞ് പുന്നക്കടവ് പാലം വഴിയാണ് പയ്യന്നൂരിലെത്തുന്നത്. ചൂളക്കടവ് പാലം യാഥാർത്ഥ്യമായാൽ മിനിറ്റുകൾ കൊണ്ട് റെയിൽവേ സ്റ്റേഷനിലും പയ്യന്നൂർ ടൗണിലും എത്തുവാൻ കഴിയും. ഇവിടെ പാലം നിർമ്മിക്കുന്നതിന് 18 വർഷം മുൻപ് അന്നത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രി എം.കെ. മുനീർ തറക്കല്ലിട്ടിരുന്നുവെങ്കിലും പലവിധ പ്രശ്നങ്ങൾ കാരണം പദ്ധതി യാഥാർത്ഥ്യമായില്ല. പ്രധാനമായും പാലവുമായി ബന്ധപ്പെട്ടുള്ള അപ്രോച്ച് റോഡ് നിർമ്മാണത്തിന് സ്ഥലം ലഭിക്കാത്തതാണ് തുടക്കത്തിൽ തടസ്സമായത്. പിന്നീട് സാങ്കേതിക പ്രശ്നങ്ങൾ ഒന്നൊന്നായി രൂപപ്പെട്ടു. പിന്നീട് എസ്റ്റിമേറ്റുണ്ടാക്കലും സാങ്കേതികാനുമതിയും ഭരണാനുമതിയും ഫണ്ട് അനുവദിക്കലുമൊക്കെയായി വർഷങ്ങൾ നീണ്ട് പോയി.

ഇതിനിടെ പാലം നിർമ്മിക്കേണ്ടുന്ന കവ്വായിപ്പുഴ ദേശീയ ജലപാതയുടെ ഭാഗമായതിനാൽ പാലത്തിന്റെ രൂപരേഖയിൽ മാറ്റം വേണമെന്ന ഇൻലാൻണ്ട് നാവിഗേഷൻ വകുപ്പിന്റെ നിർദ്ദേശത്തെ തുടർന്ന് രൂപരേഖയിൽ വീണ്ടും മാറ്റം വരുത്തേണ്ടി വന്നു. ഏറ്റവുമൊടുവിൽ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി സർക്കാർ 28 കോടി രൂപയുടെ ഭരണാനുമതി നൽകുകയായിരുന്നു. പയ്യന്നൂർ നഗരസഭയിലെ കൊറ്റി ഭാഗത്ത് പാലം അപ്രോച്ച് റോഡിനായി ഏറ്റെടുക്കേണ്ടുന്ന 42 സെന്റ് സ്ഥലത്തിന്റെ തുക കൂടി ഉൾപ്പെടുത്തിയാണ് കിഫ്ബി ഫണ്ട് അനുവദിച്ചത്. ഇതേ തുടർന്ന് അപ്രോച്ച് റോഡിനാവശ്യമായ സ്ഥലം ഏറ്റെടുത്ത് നൽകുന്ന നടപടികൾ എം.എൽ.എ യുടെ നേതൃത്വത്തിൽ വേഗത്തിലാക്കി പരിഹാരം കാണുകയായിരുന്നു.

228.2 മീറ്റർ നീളത്തിലും 11 മീറ്റർ വീതിയിലും ഇരുവശവും നടപ്പാതയും ഉൾപ്പെടുന്ന പാലത്തിന് ആറ് സ്പാനുകളാണുള്ളത്. വലിയ ബോട്ടുകൾക്ക് കടന്ന് പോകുവാൻ കഴിയുന്ന വിധത്തിൽ ആറ് മീറ്റർ ഉയരത്തിലാണ് പാലം നിർമ്മിക്കുന്നത്.