കേളകം: കേളകം ബസ് സ്റ്റാൻഡിൽ സ്ഥാപിച്ചിട്ടുള്ള മാലിന്യ സംസ്‌കരണ പ്ലാന്റ് ഭീഷണിയാകുന്നു. പഞ്ചായത്തിൽ മാലിന്യ സംസ്‌കരണത്തിന് ശാശ്വത പരിഹാരം എന്ന നിലയിലാണ് കേളകം ബസ് സ്റ്റാൻഡിന് പിൻഭാഗത്തായി പഞ്ചായത്ത് വർഷങ്ങൾക്ക് മുമ്പ് മാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിച്ചത്. പ്രവർത്തനം ആരംഭിച്ച് ഏതാനും മാസങ്ങൾ കഴിഞ്ഞപ്പോൾ പ്ലാന്റ് പ്രവർപ്പിക്കാൻ കഴിയാത്ത അവസ്ഥയിലായി.
പ്രവർത്തനം നിലച്ചിട്ട് വർഷങ്ങൾ കഴിഞ്ഞതോടെ പ്ലാന്റിന്റെ അടിഭാഗവും ഉയർന്നു നിൽക്കുന്ന പുകക്കുഴലും ഉൾപ്പെടെ നിലവിൽ തുരുമ്പെടുത്ത് ദ്രവിച്ച അവസ്ഥയിലാണ്. വലിയ ഭാരമുള്ളതിനാൽ ശക്തമായൊരു കാറ്റടിച്ചാൽ ദ്രവിച്ച പുകക്കുഴൽ ഉൾപ്പെടെ പ്ലാന്റ് പൂർണമായും നിലംപൊത്തുമെന്നാണ് നാട്ടുകാർ ഭയപ്പെടുന്നത്.
നിലവിൽ പുകക്കുഴൽ ചെരിഞ്ഞ നിലയിലാണ്. തികച്ചും ഉപയോഗശൂന്യമായ പ്ലാന്റ് തകർന്ന് വീഴുമെന്ന സ്ഥിതിയായിട്ടും പ്ലാന്റ് പൊളിച്ചുമാറ്റി അപകട ഭീഷണി ഒഴിവാക്കാൻ അധികാരികൾ ശ്രദ്ധിക്കുന്നില്ലെന്നാണ് ഓട്ടോറിക്ഷാ തൊഴിലാളികൾ പറയുന്നത്.
പകൽ നേരത്തെ വിശ്രമകേന്ദ്രം
ബസ് സ്റ്റാൻഡിലുള്ള നിരവധി പേർ പകൽ സമയത്തെ വെയിലിൽ നിന്നും രക്ഷതേടി പ്ലാന്റിന് സമീപത്തെ മരച്ചുവട്ടിൽ വന്നിരിക്കുന്നതാണെന്നും, ഇതിന് സമീപമാണ് ശുചീകരണ തൊഴിലാളികൾ അവരുടെ ജോലി ചെയ്യുന്നതെന്നുമുള്ള കാര്യം പരിഗണിച്ച് അപകടാവസ്ഥയിലായ പ്ലാന്റ് എത്രയും വേഗം പൊളിച്ച് മാറ്റാൻ ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കണമെന്നാണ് ഓട്ടോറിക്ഷാ തൊഴിലാളികൾ ആവശ്യപ്പെടുന്നത്.