പാനൂർ: ചൊക്ലിയിൽ നിയന്ത്രണം വിട്ട ലോറി കടയിലേക്ക് പാഞ്ഞുകയറി. ഞായറാഴ്ച രാവിലെ 10 മണി ഓടെയാണ് സംഭവം. ചൊക്ലി കാഞ്ഞിരത്തിൻ കീഴിൽ മൗണ്ട് സ്റ്റോൺ എന്ന സ്ഥാപനത്തിൽ കഴിഞ്ഞ ദിവസം ലോഡിറക്കാൻ എത്തിയ ആന്ധ്ര റജിസ്‌ട്രേഷൻ ലോറിയാണ് അപകടത്തിൽ പെട്ടത്. ലോഡിറക്കിയ ശേഷം ലോറി സ്റ്റാർട്ടാക്കാൻ കഴിഞ്ഞിരുന്നില്ല. ഇന്നലെ രാവിലെ വീണ്ടും സ്റ്റാർട്ടാക്കാൻ ശ്രമിച്ചപ്പോൾ നിയന്ത്രണം വിട്ട് റോഡിന് എതിർവശത്തുള്ള ന്യൂ ഹദീദ് എന്ന സ്ഥാപനത്തിലേക്ക് പാഞ്ഞുകയറുകയായിരുന്നു. സ്ഥാപനത്തിന്റെ മുൻവശത്തെ മതിലിനും, സാധനങ്ങൾക്കും കേട് പാട് പറ്റിയിട്ടുണ്ട്. അവധി ദിവസമായതും, റോഡിൽ അപകട സമയം മറ്റു വാഹനങ്ങൾ ഇല്ലാഞ്ഞതുമാണ് വൻ അപകടമൊഴിവായത്. റോഡിന് കുറുകെ നിന്ന ലോറി ചൊക്ലി പൊലീസ് എത്തിയാണ് നീക്കം ചെയ്തത്.