
ചീമേനി (കാസർകോട്): വയനാട് ദുരന്തത്തിൽ കൃത്യമായ കണക്കുകൾ നൽകിയിട്ടും സഹായം നൽകാതെ കേരളത്തെ കബളിപ്പിക്കുന്ന കേന്ദ്ര സർക്കാരിനെയും അതിന് ഓശാന പാടുന്ന സംസ്ഥാന ബി.ജെ.പി നേതാക്കളെയും കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ചീമേനി രക്തസാക്ഷി മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
സംസ്ഥാനത്തിന്റെ ആവശ്യങ്ങൾ കേന്ദ്രത്തിന് മുമ്പിൽ അവതരിപ്പിക്കുമ്പോൾ മുട്ടാപ്പോക്ക് നയവുമായി വരുകയാണ്. വയനാട് ദുരന്തത്തിൽ കഷ്ടപ്പെടുന്നവരെ രക്ഷിക്കാനാണ് ചോദിച്ചത്. മുഴുവൻ എം.പിമാരും ഒരുമിച്ച് പ്രതിഷേധിക്കാൻ തയ്യാറായത് സ്വാഗതാർഹമാണ്. ഫെഡറൽ സംവിധാനത്തിൽ സംസ്ഥാനത്തെ കേന്ദ്രം സഹായിക്കണം. അതിനുപകരം സംസ്ഥാനത്തെ കുറ്റപ്പെടുത്തുന്നത് എന്ത് ന്യായം. കേരളം രാജ്യത്തിന്റെ ഭാഗമല്ലേ?, അസാമിലും ഗുജറാത്തിലും ത്രിപുരയിലും തെലങ്കാനയിലും ദുരന്തം ഉണ്ടായപ്പോൾ കേന്ദ്രം സഹായിച്ചില്ലേ?. കേരളത്തോട് എന്തിനാണ് ചിറ്റമ്മ നയം? ഈ നയങ്ങൾക്കെതിരായ പോരാട്ടത്തിന് ചീമേനി രക്തസാക്ഷികളുടെ ജ്വലിക്കുന്ന സ്മരണകൾ കരുത്ത് പകരട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ നാട് തുലയട്ടെ, ഇവിടത്തെ ജനങ്ങൾ തുലയട്ടെ എന്നാണ് സംസ്ഥാനത്തെ ബി.ജെ.പി നേതാക്കൾ പറയുന്നതെന്നും മുഖ്യമന്ത്രി പരിഹസിച്ചു.