കാഞ്ഞങ്ങാട്: വിദേശ പഠനത്തിനായി പോകുന്ന നിരവധി വിദ്യാർത്ഥികൾ അനധികൃത വിദ്യാഭ്യാസ ഏജൻസികളുടെ വലയിൽപ്പെട്ട് വിദേശങ്ങളിൽ അംഗികാരമില്ലാത്തതും ഗുണനിലവാരമില്ലാത്തതുമായ കോളേജുകളിൽ ചേർന്നു കോഴ്സ് പൂർത്തീകരിക്കാൻ പറ്റാത്ത അവസ്ഥ സംജാതമാകുന്നുണ്ടെന്നും അതുകൊണ്ട് ഈ വിഷയത്തിൽ നിയന്ത്രണം വേണമെന്നും വാണിയ സമുദായ സമിതി സംഘടിപ്പിച്ച പ്രതിഭാ സംഗമം സർക്കാരിനോട് ആവശ്യപ്പെട്ടു. പ്രതിഭാ സംഗമത്തിൽ ഉന്നത വിജയം നേടിയ 54 കുട്ടികൾക്ക് മുച്ചിലോട്ടംബിക പുരസ്‌കാരം വിതരണം ചെയ്തു. കണ്ണൂർ ക്രൈംബ്രാഞ്ച് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് എം.വി. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ചന്ദ്രൻ നാലപ്പാടം അദ്ധ്യക്ഷനായി. സംസ്ഥാന ഭാരവാഹികളായ പി. ഗോപാലൻ, വി.നാരായണൻ, പി. കുഞ്ഞികൃഷ്ണൻ, പി.വി മോഹനൻ, സി. കുഞ്ഞപ്പൻ, സി. രമണി, ഇ.വി കുഞ്ഞിരാമൻ എന്നിവർ സംസാരിച്ചു.