ward
മാലിന്യം നിക്ഷേപിച്ച വാര്‍ഡ്

പരിയാരം: മാലിന്യനിക്ഷേപവും മാലിന്യങ്ങൾ അലക്ഷ്യമായി കൂട്ടിയിടലും ഇന്ന് വലിയ പിഴയും ജയിൽ ശിക്ഷയുമൊക്കെ ലഭിക്കാവുന്ന കുറ്റമാണ്. പക്ഷെ, ഇത് ചെയ്യുന്നത് സർക്കാരും ആരോഗ്യമേഖലയിൽ ഉള്ളവരുമാണെങ്കിൽ യാതൊരു പ്രശ്നവുമില്ല. പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് കാമ്പസിലെ ഒരു വാർഡിൽ മുഴുവൻ മാലിന്യങ്ങൾ കുത്തിനിറച്ചിരിക്കയാണ്. മെഡിക്കൽ കോളേജ് ആരംഭിച്ച് 30 വർഷം പിന്നിടുമ്പോൾ പഴയ ക്ഷയരോഗ സാനിട്ടോറിയത്തിലെ പഴയ എട്ടാംനമ്പർ വാർഡിലാണ് മൊത്തം മാലിന്യങ്ങൾ സംഭരിച്ചിരിക്കുന്നത്.

മെഡിക്കൽ കോളേജ് ആരംഭിച്ച 1993 മുതൽ കുറച്ചു വർഷക്കാലം ഇത് വാർഡായി ഉപയോഗിച്ചിരുന്നു. പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തതോടെയാണ് ഈ പഴയവാർഡ് പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ ഉൾപ്പെടെ ശേഖരിക്കാനായി മാറ്റിയത്. കഴിഞ്ഞ കാൽനൂറ്റാണ്ടായി മാലിന്യം സംഭരിക്കുന്ന ഈ കെട്ടിടത്തിൽ നിന്നും ഇപ്പോൾ മാലിന്യങ്ങൽ പുറത്തേക്കൊഴുകയാണ്. മെഡിക്കൽ കോളേജ് കാമ്പസുകളിൽ മാലിന്യങ്ങൾ സംഭരിക്കാനും സംസ്‌ക്കരിക്കാനും ശാസ്ത്രീയമായി സംവിധാനങ്ങൾ വേണമെന്നിരിക്കെയാണ് ഇത്തരത്തിൽ വാർഡ് മുഴുവനായി മാലിന്യം നിക്ഷേപിക്കാനായി മാറ്റിവെച്ചിരിക്കുന്നത്.