കെൽട്രോൺ നഗർ റോഡിൽ യാത്രക്കാർക്ക് ദുരിതം
ധർമ്മശാല: കെൽട്രോൺ നഗർ - കണ്ണപുരം റോഡിൽ നാടിന്റെ ആവശ്യമായ അണ്ടർപാസേജ് നിർമ്മാണം അന്തിമഘട്ടത്തിലേക്കടുക്കുമ്പോൾ ഇതുവഴി ബസുകൾക്ക് കടന്നുപോകാനാകില്ലെന്നത് യാത്രക്കാർക്കും ജീവനക്കാർക്കും ഇരുട്ടടിയായി. ദിനം പ്രതി 23 സ്വകാര്യ ബസുകൾ സർവീസ് നടത്തുന്ന റൂട്ടിലാണ് ബസ് കടന്നുപോകാൻ പാകത്തിലല്ലാത്ത അണ്ടർപാസേജ് നിർമ്മിച്ചത്. ഇതോടെ ഇതു വഴിയുള്ള ബസ് സർവീസ് വീണ്ടും ദുരിതത്തിലായി.
ആദ്യം ദേശീയപാത അധികൃതർ പുറത്തുവിട്ട വിശദപദ്ധതി രേഖയിൽ ധർമ്മശാലയിലെ 70 മീറ്റർ നീളത്തിലുള്ള ഓവർബ്രിഡ്ജിനാണ് അംഗീകാരം നൽകിയത്. കെൽട്രോൺ നഗറിൽ അണ്ടർപാസേജ് എന്നത് രേഖയിലുണ്ടായിരുന്നില്ല. ഇതിനായുള്ള പ്രതിഷേധങ്ങളും പരാതികളും ഉയർന്നതോടെയാണ് പുതിയ അണ്ടർപാസേജിന് അധികൃതർ അംഗീകാരം നൽകിയത്.
വേണം 7X4 മീറ്റർ
നാല് മീറ്റർ വീതിയിലും രണ്ടു മീറ്റർ ഉയരത്തിലും നിർമ്മാണം തുടങ്ങിയ അണ്ടർപാസേജ് അശാസ്ത്രീയമായതോടെ വീണ്ടും പ്രതിഷേധം ഉയർന്നു. ഒടുവിൽ നാലു മീറ്റർ വീതിയിലും മൂന്നര മീറ്റർ വീതിയിലുമുള്ള അണ്ടർപാസേജാണ് പൂർത്തിയാകുന്നത്. എന്നാൽ ബസുകൾക്ക് കടന്നു പോകണമെങ്കിൽ കുറഞ്ഞത് 7മീറ്റർ ഉയരത്തിലും 4 മീറ്റർ വീതിയിലുമുള്ള അണ്ടർപാസേജെങ്കിലും വേണം. 10 മീറ്റർ നീളവും 3.9 മീറ്റർ ഉയരവുമാണ് ശരാശരി ബസിന്റെ ഉയരം. സർവീസ് റോഡിൽ നിന്നും ബസ് വളച്ചെടുക്കാൻ ഇത്രയും സൗകര്യം ലഭിച്ചാൽ പോലും പ്രയാസമാണ്.
അടഞ്ഞത് നിരവധി സ്ഥാപനങ്ങളിലേക്കുള്ള വഴി
കണ്ണൂർ സർവകലാശാല കാംപസ്, സ്‌പോർട്സ് സ്‌കൂൾ, കെ.സി.സി.പി.എൽ ഐ.ടി. പാർക്ക്, നീലിയാർ കോട്ടം, കണ്ണൂർ റൂറൽ പൊലീസ് ആസ്ഥാനം, വെള്ളിക്കീൽ ഇക്കോപാർക്ക്, കണ്ണപുരം റെയിൽവേ സ്റ്റേഷൻ, മാട്ടൂൽ, പഴയങ്ങാടി ഭാഗത്തെ നിരവധി സ്വാശ്രയ കേളേജുകൾ എന്നിവിടങ്ങളിലേക്ക് നിലവിലുള്ള ദേശീയപാതയിൽ നിന്നും എളുപ്പത്തിലെത്താനുള്ള പ്രധാന മാർഗ്ഗമാണ് അധികൃതരുടെ തീരുമാനത്തിൽ തടസമായത്.
നിലവിൽ നിർമിച്ച അടിപ്പാത വഴി വലിയ വാഹനങ്ങൾക്ക് കടക്കാൻ സാധിക്കാതെ വന്നാൽ സർവീസ് റോഡ് വഴി ഇരുവശത്തേക്കുമുള്ള ഗതാഗത സൗകര്യം ഏർപ്പെടുത്താനാകും
ദേശീയപാത സുരക്ഷാ വിഭാഗം എൻജിനീയർ
അണ്ടർപാസേജ് നിർമ്മിക്കുമ്പോൾ യാതൊരു പഠനവും നടത്തിയിട്ടില്ലെന്നതിന്റെ തെളിവാണ് ഇവിടെ കാണാൻ കഴിയുന്നത്. അഞ്ച് കിലോമീറ്റർ ചുറ്റിവേണം ബസുകൾക്ക് കണ്ണപുരം റോഡിലേക്ക് കടക്കാൻ. കണ്ണപുരത്തെ റെയിൽവേ ഗേറ്റും കൂടിയാകുമ്പോൾ സർവീസുകൾ താളം തെറ്റും. വിഷയത്തിൽ ഭരണാധികാരികൾ ഇടപെടാതിരിക്കുന്നത് പ്രതിഷേധാർഹമാണ്.
പി. സുരേശൻ, ഒഴക്രോം,സ്ഥിരം ബസ്സ് യാത്രക്കാരൻ