fire
ബിരിക്കുളം ചേമ്പേനയിൽ ഉണ്ടായ തീപ്പിടിത്തം.

നീലേശ്വരം: കിനാനൂർ കരിന്തളം പഞ്ചായത്തിലെ ബിരിക്കുളം ചേമ്പേനയിൽ പാറയിൽ തീപ്പിടിത്തം. ഇന്നലെ ഉച്ചയ്ക്ക് 12.30നാണ് മൂന്ന് ഏക്കർ വിസ്തൃതിയുള്ള സ്വകാര്യവ്യക്തിയുടെ പാറപ്രദേശത്ത് തീ പിടിത്തമുണ്ടായത്. തൊട്ടടുത്ത വാട്ടർ അതോറിറ്റിയുടെ ജോലിക്കാരാണ് തീ പടർന്നത് കണ്ടത്. ഇവർ നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. കാഞ്ഞങ്ങാട് നിന്ന് വന്ന അഗ്നിശമന സേന എത്തുമ്പോഴേക്കും നാട്ടുകാർ തീ നിയന്ത്രണ വിധേയമാക്കിയിരുന്നു. തീ പടർന്ന പാറപ്രദേശത്തിന് താഴെയായി കോഴിഫാമുണ്ടായിരുന്നു. ഇവിടേക്ക് തീ പടരാത്തതിനാൽ വൻ ദുരന്തം ഒഴിവായി. വെള്ളരിക്കുണ്ട് താലൂക്കിലെ ബിരിക്കുളത്ത് ഫയർഫോഴ്സ് ആസ്ഥാനത്തിനു വേണ്ടി സ്ഥലം കണ്ടെത്തിയിരുന്നു. എന്നാൽ ഇതുവരെയായി അതിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ തുടങ്ങിയിട്ടില്ല. ചീമേനിയിലും പാടിച്ചാലിലും ഫയർഫോഴ്സ് ആസ്ഥാനത്തിന് നടപടി സ്വീകരിച്ചെങ്കിലും ബിരിക്കുളത്ത് നടപടി സ്വീകരിക്കാത്തതിൽ നാട്ടുകാരിൽ പ്രതിഷേധമുണ്ട്.