നീലേശ്വരം: നിർമ്മാണം അതിവേഗം പുരോഗമിച്ചു കൊണ്ടിരിക്കുന്ന ദേശീയപാതയോരത്ത് അപകടകെണി. നിർമ്മാണത്തിനാവശ്യമായ കമ്പികളും മറ്റും റോഡരികിൽ തന്നെ അലക്ഷ്യമായി വലിച്ചെറിഞ്ഞ നിലയിലാണ്. നിർമ്മാണത്തിന് ഉപയോഗിച്ച ശേഷം മുറിച്ചെടുക്കുന്ന കമ്പികൾ ഇങ്ങനെ റോഡിന് തൊട്ടടത്ത് തന്നെ അലക്ഷ്യമായി തള്ളുന്നതിൽ പ്രതിഷേധമുയരുകയാണ്.
മുറിച്ചെടുക്കുന്നത് കൊണ്ട് തന്നെ കമ്പിയുടെ അറ്റം നല്ല മൂർച്ചയേറിയതാണ്. ഇത് വാഹനങ്ങൾ കടന്ന് പോകുമ്പോൾ ടയറിൽ തുളച്ച് കയറാനും കാൽനട യാത്രക്കാർക്കും ഒരുപോലെ ഭീഷണിയാവുകയാണ്. വാഹനങ്ങൾ കടക്കാതിരിക്കാൻ സ്ഥാപിച്ച ഡിവൈഡറുകളും യാത്രക്കാർക്ക് അപകടക്കെണിയൊരുക്കുകയാണ്. അപകടങ്ങൾ സംഭവിക്കുമ്പോൾ ആളുകൾ തെറിച്ചു വീഴുന്നത് ഇത്തരം സ്ഥലത്താണ്. കഴിഞ്ഞ ദിവസം കരുവാച്ചേരിയിൽ നടന്ന അപകടത്തിൽ ഒരാളുടെ മരണത്തിന് ഇടയാക്കിയത് ദേശീയപാത നിർമ്മാണത്തിലെ അശ്രദ്ധയാണ്.
സ്കൂട്ടറിൽ പോകുമ്പോൾ ലോറിയിടിച്ചപ്പോൾ ഡിവൈഡറിന്റെ മുകളിൽ തെറിക്കുകയും ദേഹത്ത് കമ്പി തുളച്ചുകയറി യാത്രക്കാരന് മരണം സംഭവിക്കുകയായിരുന്നു. തദ്ദേശീയരായ കാൽനട യാത്രക്കാർക്കും അശ്രദ്ധമായ റോഡ് നിർമ്മാണം ഭീഷണിയാണ്. പടന്നക്കാട് ഓവർ ബ്രിഡ്ജ് മുതൽ പള്ളിക്കര ഓവർ ബ്രിഡ്ജ് വരെ യുള്ള വാഹനയാത്ര ഭീതിയുണ്ടാക്കുന്നതാണ്. ഇപ്പോൾ ശബരിമലയിലേക്ക് കാൽനടയായി സഞ്ചരിക്കുന്ന അയ്യപ്പഭക്തരുടെ കാൽനടയാത്രയും അത്ര സുരക്ഷിതമല്ല. മാത്രമല്ല മിക്ക സ്ഥലങ്ങളിലും ഓവുചാൽ നിർമ്മിച്ച ശേഷം സ്ലാബ് പാകിയിട്ടില്ല. കരുവാച്ചേരി പെട്രോൾ പമ്പിന് മുന്നിൽ ഇരു ഭാഗത്തും വലിയ ആഴത്തിൽ ഓടകൾ നിർമ്മിച്ചപ്പോൾ ദേശീയപാത സർവീസ് റോഡ് ചെറുതാവുകയും ചെയ്തു. ഇവിടെ വാഹനങ്ങൾ കുഴിയിൽ വീഴാതിരിക്കാൻ വലിയ സ്ലാബുകൾ നിരത്തിവച്ചെങ്കിലും ഡ്രൈവറുടെ കണ്ണൊന്ന് തെറ്റിയാൽ വൻ ദുരന്തം തന്നെ സംഭവിക്കുന്ന സ്ഥിതിയാണ്.
വീഴ്ത്താൻ കുഴികളും!
നീലേശ്വരം പൊലീസ് സ്റ്റേഷന് മുന്നിൽ കൂടി കടന്നു പോകുന്ന വീതി കുറഞ്ഞ ഒറ്റവരി പാതയോരത്തെ വലിയ ആഴമുള്ള ഓവ്ചാലിന് മുകളിൽ സ്ലാബിട്ടില്ല. മാത്രമല്ല കുഴിയിൽ നിറയെ വെള്ളം കെട്ടി കിടക്കുന്നതും അപകട ഭീഷണി ഉയർത്തുകയാണ്. ദേശീയപാത ഉദ്യോഗസ്ഥരുടെ മേൽനോട്ടം ഇല്ലാതെയാണ് തൊഴിലാളികൾ പണിയെടുക്കുന്നതെന്നതാണ് ഇതിന് കാരണമായി പറയുന്നത്. ദേശീയപാത വേർതിരിക്കാൻ ചെറിയ മതിലുകൾ പോലെ നിർമ്മാണം പുരോഗമിക്കുകയാണ്.