 
മടിക്കൈ: കയർ ഭൂവസ്ത്രത്തിന്റെ സാദ്ധ്യതകൾ മനസിലാക്കി മടിക്കൈ പഞ്ചായത്തിൽ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി, തോടുകൾക്കും കുളങ്ങൾക്കും കയർ ഭൂവസ്ത്ര കവചമൊരുക്കുന്നു.
രണ്ടാം വാർഡിലെ മതിരക്കോട്ട് തടയണയിൽ നിന്നും തുടങ്ങി നാലാം വാർഡിലെ ചെറുവൈ താഴെ വരെയെത്തുന്ന മടിക്കൈ വയൽ തോടിനാണ് നിലവിൽ സംരക്ഷണമൊരുക്കുന്നത്. 800 സ്ക്വയർ മീറ്റർ കയർ ഭൂവസ്ത്രമാണ് വിരിക്കുന്നത്. തൊഴിലുറപ്പിലൂടെ 702 തൊഴിൽ ദിനങ്ങൾ ഇതിലൂടെ സൃഷ്ടിക്കപ്പെടും. 3,50,348 രൂപയാണ് ആകെ പദ്ധതി തുക. പൊതുതോടുകളും കുളങ്ങളും വെട്ടി വൃത്തിയാക്കിയ ശേഷം വെട്ടിക്കയറ്റുന്ന മണ്ണുംചെളിയും മഴയിലും മറ്റും ഇടിഞ്ഞുവീഴാതെ സംരക്ഷിക്കാനാണ് കയർഭൂവസ്ത്രം വിരിക്കുന്നത്.
വലിയ റോളുകളായി എത്തിക്കുന്ന കയർ ഭൂവസ്ത്രം തോടുകളുടെയും കുളങ്ങളുടെയും അളവിനനുസരിച്ച് മുറിച്ചെടുത്ത് ചെറിയ മുള കുറ്റികൾ ഉപയോഗിച്ച് ഉറപ്പിക്കും. ഇടയിൽ വച്ചുപിടിപ്പിക്കുന്ന ചെടികൾ വളർന്നുകഴിയുമ്പോൾ കയറുകൾ ദ്രവിച്ചുപോകുന്നതിനാൽ മറ്റ് പാരിസ്ഥിതിക പ്രശ്നങ്ങൾ ഉണ്ടാകില്ലെന്നതാണ് ഇതിന്റെ മെച്ചം.
കയർ കോർപ്പറേഷൻ മുഖേന കയർഭൂവസ്ത്രം എത്തിക്കുന്നതിനാൽ കയറിന്റെ ഉത്പാദനത്തിനും വിതരണത്തിനും സാധ്യത കൂടിയിട്ടുണ്ട്. പൊതുതോടുകളുടെയും കുളങ്ങളുടെയും കരകളിൽ കയർഭൂവസ്ത്രം വിരിക്കുന്നതോടെ ആ പ്രദേശത്തെ ജലവും മണ്ണും ജൈവ സമ്പത്തും സംരക്ഷിക്കാൻ കഴിയുമെന്നതിനാലാണ് പദ്ധതി നടപ്പാക്കുന്നത്. തോടുകളുടെ വശങ്ങൾ ബലപ്പെടുത്തി നീരൊഴുക്ക് സുഗമമാകുമെന്നതിനാൽ വെള്ളക്കെട്ടുകൾക്കും പരിഹാരമുണ്ടാകും.
ഈർപ്പം നിലനിർത്തും, വളക്കൂർ വർദ്ധിക്കും
മണ്ണിന്റെ ഫലഭൂയിഷ്ടത നിലനിർത്തുന്നതിനും മണ്ണൊലിപ്പ് തടയുന്നതിനും വേണ്ടി പ്രകൃതിദത്ത നാരുകൾ നെയ്‌തോ നെയ്യാതെയോ വലപോലെ കെട്ടി ഉണ്ടാക്കിയെടുക്കുന്നവയാണ് കയർ ഭൂവസ്ത്രം. നല്ല ഗുണനിലവാരമുള്ള കയർ ഭൂവസ്ത്രത്തിലൂടെ മണ്ണിൽ ജലം നിലനിർത്താനുള്ള ശേഷിയും വളക്കൂറും വർദ്ധിപ്പിക്കാനാകും. വെള്ളത്തിന്റെ ഒഴുക്കിന്റെ വേഗതകുറച്ച് മണ്ണൊലിപ്പ് തടയുന്നു, സ്വന്തം ഭാരത്തിന്റെ അഞ്ചിരട്ടി വെള്ളം വലിച്ചെടുക്കുന്നതിനാൽ മണ്ണിൽ ഈർപ്പം നിലനിർത്തി അന്തരീക്ഷത്തിലെ താപം കുറയ്ക്കുന്നു. ലയിച്ച് മണ്ണിൽ ചേരുന്നതിലൂടെ മണ്ണിന് ജൈവാംശം നൽകുന്നു എന്നിങ്ങനെ വലിയ ഗുണഫലമാണ് കയർ ഭൂവസ്ത്രത്തിലുടെ ലഭിക്കുന്നത്.