 
ഇരിട്ടി: മാടത്തിയിൽ നടന്ന റബർ ഗ്രോവേഴ്‌സ് സമ്മേളനം റബർ മേഖല നേരിടുന്ന പ്രതിസന്ധികളുടെയും നാളെയുടെ പ്രതീക്ഷകളുടെയും വേദിയായി മാറി. കാഞ്ഞങ്ങാട് മുതൽ കോഴിക്കോട് വരെയുള്ള റബർ ഉത്പാദക സംഘത്തിൽ രജിസ്റ്റർചെയ്ത നൂറിലധികം റബർ കർഷകർ സമ്മേളനത്തിൽ പങ്കാളികളായി. വർഷങ്ങൾക്കു ശേഷമാണ് റബർ ബോർഡ് മുൻകൈയെടുത്ത് ഇത്തരം ഒരു കൂട്ടായ്മ സംഘടിപ്പിക്കുന്നത്.
പുതുതലമുറ റബറുമായി ബന്ധപ്പെട്ട തൊഴിലിനോട് സ്വീകരിക്കുന്ന നിഷേധാത്മക സമീപനം റബർ ബോർഡംഗങ്ങൾ തന്നെ ഉദ്ഘാടന വേദിയിൽ പങ്കുവെച്ചു. മറ്റെല്ലാ തൊഴിൽ മേഖലയിലും ഇതര സംസ്ഥാന തൊഴിലാളികളുടെ കടന്നുകയറ്റം ഉണ്ടായെങ്കിലും റബർ മേഖലയിൽ അത്ര വ്യാപകമായിട്ടില്ല. കൂട്ടായ്മയില്ലാതെ ഒറ്റയ്ക് ചെയ്യേണ്ട തൊഴിൽ എന്ന നിലയിൽ റബർ ടാപ്പിംഗ് യുവ തലമുറയ്ക്ക് പ്രചോദനമാകുന്നില്ല. ഇത്തരം പ്രശ്‌നങ്ങളും പ്രതിസന്ധികളും പരിഹരിക്കുന്നതിന് ഓരോ റബർ കർഷകരും ടാപ്പിംഗ് തൊഴിലാളികളായി മാറണം. ടാപ്പിംഗ് തൊഴിലാളികളുടെ ക്ഷാമം ഇതിലൂടെ മാത്രമെ പരിഹരിക്കപ്പെടുകയുള്ളുവെന്ന് യോഗം വിലയിരുത്തി.
റബറിന്റെ വിലക്കുറവും വിളവ് കുറവും കർഷകർ ഉന്നയിച്ചു. വില ഉയരുമ്പോൾ വർദ്ധിക്കുന്ന ടാപ്പിംഗ് കൂലിയും മറ്റ് അനുബന്ധ വർദ്ധനവും വില കുറയുമ്പോൾ കുറയാതെ നില്ക്കുന്ന പ്രശ്‌നങ്ങൾ വരെ ചർച്ചയായി. റബറിന്റെ ശാസ്ത്രീയ പരിചരണം, വളപ്രയോഗം, ശാസ്ത്രീയ ടാപ്പിംഗ് രീതി, രോഗ പ്രതിരോധ മാർഗ്ഗങ്ങൾ, റബർബോർഡ് മുഖാന്തരം ലഭിക്കുന്ന സഹായങ്ങളും സബ്‌സിഡികളുമെല്ലാം ചർച്ചയായി. സബ്‌സിഡി ഉയർത്തി യഥാസമയം നൽകാനുള്ള നടപടി സ്വീകരിക്കണമെന്നും കർഷകർ ആവശ്യപ്പെട്ടു.
റബർ പ്രൊഡക്ഷൻ കമ്മിഷണർ ഡോ. സിജു ഉദ്ഘാടനം ചെയ്തു. ജോയിന്റ് റബർ പ്രൊഡക്ഷൻ കമ്മിഷണർ എൻ. സാലി അദ്ധ്യക്ഷത വഹിച്ചു.