മാഹി: ഇടക്കാലത്ത് വികസന രംഗത്ത് പിന്നാക്കം പോയ മയ്യഴിയെ പഴയ പ്രതാപത്തിലേക്ക് തിരിച്ചു കൊണ്ടുവരാനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടതായി പുതുച്ചേരി ലഫ്. ഗവർണ്ണർ കെ.കൈലാസനാഥൻ കേരളകൗമുദിയോട് പറഞ്ഞു.
മൂന്ന് മാസം മുൻപ് മാഹിയിൽ വന്നപ്പോൾ മയ്യഴിക്കാർ ആവശ്യപ്പെട്ട പ്രധാന വികസന പ്രവർത്തനങ്ങളിൽ 12 എണ്ണം നടപ്പിലാക്കാനായി. മറ്റുള്ളവ ഫോളോ അപ്പ് ചെയ്തു വരുന്നു. ഓരോ രണ്ട് മാസം കൂടുമ്പോഴും മയ്യഴി സന്ദർശിച്ച് വികസന പ്രവർത്തനം വിലയിരുത്തും. മാഹി ഗവ: ജനറൽ ആശുപത്രിയിൽ 10 ബെഡ്ഡുകളുള്ള ഐ.സി.യു.വാർഡ് സ്ഥാപിച്ചിട്ടുണ്ട്.
ഒരു വർഷം കൊണ്ട് മാഹി ജനറൽ ആശുപത്രിയെ മികച്ച ആശുപത്രിയാക്കി മാറ്റും.
ജി.എസ്.ടി നടപ്പിലാവുന്നതിന് മുമ്പ് ഉത്തരമലബാറിലെ പ്രമുഖ വ്യാപാര കേന്ദ്രമായിരുന്നു മാഹി. ബൈപാസ് വന്നതോടെ നഗരത്തിൽ വ്യാപാര മാന്ദ്യമുണ്ടായി. 300 കോടി രൂപയുടെ റവന്യു കുറഞ്ഞു. മാഹിയിലെ വ്യാപാരികളുടെ നിർദ്ദേശങ്ങൾ ഉൾക്കൊണ്ട് വാണിജ്യ രംഗത്തെ പരിപോഷിപ്പിക്കും. അതിന്റെ ഭാഗമായാണ് മാഹി ഷോപ്പിംഗ് ഫെസ്റ്റിവൽ നടത്തുന്നത്. പഴയ പ്രതാപം വീണ്ടെടുക്കാൻ സാധ്യമായതെല്ലാം ചെയ്യും.
ബോട്ടിങ്ങ് ,കഫെ തുടങ്ങിയവ നടപ്പിലാക്കും. 5 കോടി രൂപ അനുവദിച്ചിട്ടുണ്ട്. വൻകിട ടൂറിസം പദ്ധതി നടപ്പിലാക്കാൻ സർക്കാരിനെ മാത്രം ആശ്രയിച്ചാലാവില്ല. സ്വകാര്യപങ്കാളിത്തമടക്കം ഉപയോഗപ്പെടുത്താനാവണം.മത്സ്യബന്ധന തുറമുഖത്തിന്റെ പൂർത്തീകരണം, പുഴയോര നടപ്പാതയുടെ അവസാന ഫേസിന്റെ നിർമ്മിതി, ട്രോമ കെയർ യൂണിറ്റിന്റെ പൂർത്തീകരണം തുടങ്ങിയവയ്ക്ക് ത്വരിതഗതിയിലുള്ള നടപടികളാരംഭിച്ചതായും അദ്ദേഹം അറിയിച്ചു.