കരിന്തളം: കിനാനൂർ - കരിന്തളം പഞ്ചായത്ത് പരിധിയിൽ പൊതുസ്ഥലങ്ങളിൽ അനധികൃതമായി സ്ഥാപിച്ച ബോർഡുകളും ബാനറുകളും പഞ്ചായത്ത് അധികൃതർ നീക്കം ചെയ്തു. പാതയോരങ്ങളിലും പൊതുസ്ഥലങ്ങളിലും സ്ഥാപിച്ച അനധികൃത ബോർഡുകളും ബാനറുകളും ഉൾപ്പെടെ നീക്കം ചെയ്യണമെന്ന ഹൈക്കോടതിയുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. കോടതിയുടെ നിർദ്ദേശപ്രകാരം കഴിഞ്ഞ രണ്ടു വർഷങ്ങളിലായി അനധികൃതമായി സ്ഥാപിച്ച ബോർഡുകളും മറ്റും നീക്കം ചെയ്യുന്നുണ്ടെങ്കിലും വീണ്ടും രാഷ്ട്രീയ പാർട്ടികളും സംഘടനകളും പൊതുസ്ഥലത്ത് ബോൾഡുകൾ സ്ഥാപിക്കുന്നത് തുടരുകയാണ്. ഇനിയും പ്രവണതകൾ ആവർത്തിച്ചാൽ അത്തരക്കാർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് അധികൃതർ പറഞ്ഞു. പരപ്പ മുതൽ ചായ്യോത്ത് വരെ അനധികൃതമായി സ്ഥാപിച്ച ബോർഡുകളും ബാനറുകളുമാണ് പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ കെ. ജലേഷിന്റെ നേതൃത്വത്തിൽ നീക്കം ചെയ്തത്.