കണ്ണൂർ: ദേശീയ ആരോഗ്യദൗത്യം ജീവനക്കാർ ഒന്നടങ്കം പണിമുടക്കിയതോടെ ജില്ലയിലെ ആരോഗ്യ സ്ഥാപനങ്ങളിലെ സേവനം തടസ്സപ്പെട്ടു. പുതുക്കിയ ശമ്പള കുടിശിക ഉടൻ നൽകുക, പ്രസവാവധിയുടെ സാങ്കേതിക പ്രശ്നങ്ങൾ തീർപ്പാക്കുക, ദിവസവേതനക്കാരെ കരാർ ജീവനക്കാരാക്കുക, ശമ്പളം അതാത് മാസം അഞ്ചിന് മുമ്പായി തന്നെ നൽകുക, മുഴുവൻ ജീവനക്കാർക്കും ഇ.പി.എഫ്, ഇ.എസ്.ഐ ആനുകൂല്യങ്ങൾ ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു ജീവനക്കാർ സൂചനാ പണിമുടക്ക് നടത്തിയത്.
ആയുർവേദം- ഹോമിയോ-അലോപ്പതി ഡോക്ടർമാർ, ഫാർമസിസ്റ്റുമാർ, ലാബ് ടെക്നീഷ്യൻമാർ, നഴ്സുമാർ, ഓഫീസ് ജീവനക്കാർ, ഡ്രൈവർ, ഫിസിയോതെറാപ്പിസ്റ്റ്, ഫീൽഡ് വിഭാഗം ജീവനക്കാർ തുടങ്ങി വിവിധ വിഭാഗം ജീവനക്കാരാണ് പണിമുടക്കിയത്. ഇതേതുടർന്ന് ജില്ലയിലെ നഗര പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ ഒന്നും പ്രവർത്തിച്ചില്ല. മിഷൻ ഡയറക്ടേറ്റിൽ നിന്ന് അനുകൂല നടപടി ഉണ്ടായില്ലെങ്കിൽ ഭാവി സമരപരിപാടികൾക്ക് രൂപം നൽകുമെന്ന് എൻ.എച്ച്.എം എംപ്ലോയിസ് ഫെഡറേഷൻ യൂനിയൻ ജില്ലാ സെക്രട്ടറി പറഞ്ഞു.
ധർണ്ണ നടത്തി
പണിമുടക്കിയ ജീവനക്കാർ എൻ.എച്ച്.എം ജില്ലാ ഓഫീസിന് മുന്നിൽ ധർണ നടത്തി. സി.ഐ.ടി.യു ജില്ലാ സെക്രട്ടറി കെ. അശോകൻ ഉദ്ഘാടനം ചെയ്തു. എൻ.എച്ച്.എം എംപ്ലോയീസ് ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി അംഗം എ.കെ.സനോജ് അദ്ധ്യക്ഷത വഹിച്ചു. എൻ.ജി.ഒ. യൂനിയൻ ജില്ലാ സെക്രട്ടറി എൻ.സുരേന്ദ്രൻ, ആർ.നിതിൻ, ഡോ.പ്രിയ ബാലൻ, ഡോ.പി.വി.പ്രദീപൻ, കെ.ആർ.രാഹുൽ, എ.എൻ.റോഷിൻ, ജാക്സൺ ഏഴിമല, ഡോ.സജീന്ദ്രൻ എന്നിവർ പ്രസംഗിച്ചു.