prathi

കാസർകോട്: അസാം സർക്കാർ യു.എ.പി.എ ചുമത്തിയതിനെ തുടർന്ന് കേരളത്തിൽ ഒളിവിലായിരുന്ന ബംഗ്ലാദേശ് പൗരനെ പടന്നക്കാട് നിന്ന് അറസ്റ്റുചെയ്തു. ഇന്ത്യയിൽ കടന്ന് അസാം പൗരൻ എന്ന വ്യാജേന പാസ്‌പോർട്ടുണ്ടാക്കി കേരളത്തിലേക്ക് വന്ന എം.ബി. ഷാബ് ഷെയ്ഖാണ് (32) പിടിയിലായത്. പടന്നക്കാട് ഓവർബ്രിഡ്ജിനു സമീപത്തെ വാടക ക്വാർട്ടേഴ്സ് വളഞ്ഞാണ് അസാം സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് ഇയാളെ പിടികൂടിയത്.

കാഞ്ഞങ്ങാട് ഇൻസ്‌പെക്ടർ പി. അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിന്റെ സഹായവുമുണ്ടായിരുന്നു. ഇന്നലെ പുലർച്ചെ അഞ്ചിനാണ് പൊലീസ് പ്രതിയുടെ വാടകമുറി വളഞ്ഞത്. ഷാബ് ഷെയ്ഖ് കേരളത്തിലേക്ക് കടന്നെന്ന് വിവരം കിട്ടിയതിനെ തുടർന്ന് സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് രഹസ്യമായി പിന്തുടരുകയായിരുന്നു.

ഒരു മാസം മുമ്പ് പടന്നക്കാടെത്തിയ ഷാബ് ഷെയ്ഖ് അന്യസംസ്ഥാന തൊഴിലാളികൾക്കൊപ്പം കെട്ടിട നിർമ്മാണ ജോലി ചെയ്യുകയായിരുന്നു. പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരുന്നെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഹൊസ്ദുർഗ് ജുഡിഷ്യൽ ഒന്നാം ക്ളാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ശേഷം വൈകിട്ട് മംഗളൂരുവിൽ നിന്ന് വിമാനത്തിൽ അസാമിലേക്ക് കൊണ്ടുപോയി.