കണ്ണൂർ: വിദ്യാർത്ഥി സംഘർഷത്തെ തുടർന്ന് അടച്ചിട്ട തോട്ടട ഗവൺമെന്റ് ഐ.ടി.ഐയിൽ ക്ലാസുകൾ പുനരാരംഭിച്ചു. കഴിഞ്ഞ 11ന് അടച്ചിട്ട കോളേജിൽ ഇന്നലെ മുതലാണ് വീണ്ടും ക്ലാസുകൾ ആരംഭിച്ചത്. കണ്ണൂർ എ.സി.പി ടി.കെ രത്നകുമാറിന്റെ സാന്നിദ്ധ്യത്തിൽ നടത്തിയ സർവ്വകക്ഷി യോഗത്തിലെ തീരുമാന പ്രകാരമാണ് ഇന്നലെ കോളേജ് തുറന്നത്. എല്ലാ വിദ്യാർത്ഥി സംഘടനകൾക്കും പ്രവർത്തന സ്വാതന്ത്ര്യം, കോംപൗണ്ടിൽ കൊടിയോ തോരണങ്ങളോ പാടില്ല, സംഘടനാ പ്രവർത്തനങ്ങളിൽ പുറത്ത് നിന്നുള്ളവർ ഇടപെടാൻ പാടില്ല തുടങ്ങിയ ഉപാധികളോടെയാണ് ക്ലാസുകൾ ആരംഭിച്ചത്. കെ.എസ്.യു പ്രവർത്തകർ കോളേജിനുള്ളിൽ കൊടിമരം സ്ഥാപിച്ചതുമായി ബന്ധപ്പെട്ട വാക്കുതർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.
ഇവിടെ നിരന്തരമുണ്ടാകുന്ന കെ.എസ്.യു-എസ്.എഫ്.ഐ രാഷ്ട്രീയ തർക്കത്തിൽ വിദ്യാർത്ഥികളുടെ പഠനാന്തരീക്ഷം നഷ്ടമാകുന്നുവെന്ന് രക്ഷിതാക്കൾ വ്യാപകമായി പരാതി ഉന്നയിച്ചിരുന്നു. ഇത് പരിഹരിക്കാൻ കോളേജ് അധികൃതരും രാഷ്ട്രീയ പാർട്ടികളും പൊലീസും ഇടപെടണമെന്ന ആവശ്യവും ശക്തമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് എ.സി.പിയുടെ നേതൃത്വത്തിൽ സർവ്വകക്ഷി യോഗം ചേർന്നത്.
എസ്.എഫ്.ഐയ്ക്ക് വലിയ ആധിപത്യമുള്ള ഐ.ടി.ഐയിൽ ഏതാനും മാസങ്ങൾക്ക് മുമ്പ് കെ.എസ്.യു യൂനിറ്റ് സ്ഥാപിച്ചതോടെ ഇവിടെ നിരന്തരം സംഘർഷം അരങ്ങേറുകയാണ്. പൊലീസെത്തിയാണ് പലപ്പോഴും സ്ഥിതി നിയന്ത്രിച്ചിരുന്നത്. ഇതേ തുടർന്ന് കോളജിൽ പഠിപ്പ് മുടങ്ങുന്നതും പതിവായിരുന്നു.
അതേസമയം തോട്ടട സംഘർഷത്തെ തുടർന്ന് കെ.എസ്.യു സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊലീസ് കമ്മിഷണർ ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ പങ്കെടുക്കാത്ത പ്രവർത്തകനെതിരെയും കേസെടുത്തതായി കെ.എസ്.യു ആരോപിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് കെ.വി അർജ്ജുനെതിെരെയാണ് ജാമ്യമില്ല വകുപ്പ് പ്രകാരം ടൗൺ പൊലീസ് കേസെടുത്തത്. ഐ.ടി.ഐ സംഘർഷത്തിനിടെ പരിക്കേറ്റ അർജ്ജുൻ തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയിൽ ഇപ്പോഴും ചികിത്സയിലാണ്.