quarters


പരിയാരം: ചരിത്രം പേറുന്ന സൂപ്രണ്ട് ക്വാർട്ടേഴ്സ് നവീകരിച്ച് സംരക്ഷിക്കണമെന്ന ആവശ്യം ശക്തമായി. 1993ൽ അടച്ചുപൂട്ടി മെഡിക്കൽ കോളേജിന് വഴിതുറന്ന ടി.ബി. സാനിട്ടോറിയം സൂപ്രണ്ടിന്റെ ക്വാർട്ടേഴ്സാണ് തകർച്ചയെ നേരിടുന്നത്.

ടി.ബി.സാനിട്ടോറിയം ആരംഭിച്ചകാലത്ത് തമിഴ്നാട് സ്വദേശിയായ ഡോ. എ. അറുമുഖമായിരുന്നു സൂപ്രണ്ട്. സാനിട്ടോറിയത്തിന്റെ കവാടത്തിന് തൊട്ടടുത്തായി നിർമ്മിച്ച ക്വാർട്ടേഴ്സിന് ഏതാണ്ട് അരയേക്കറോളം സ്ഥലമുണ്ടായിരുന്നു. അന്നത്തെ കാലത്ത് ടെലിഫോൺ ഉൾപ്പെടെ എല്ലാവിധ ആധുനിക സൗകര്യവുമുള്ളതായിരുന്നു ക്വാർട്ടേഴ്സ്. ആശുപത്രി കെട്ടിടങ്ങളിൽ നിന്ന് അകന്ന് ഏറെ ദൂരത്തിലായിരുന്നു ഡോക്ടർമാരുടെയും മറ്റ് ജീവനക്കാരുടെയും ക്വാർട്ടേഴ്സുകൾ.

ഒട്ടും ചൂട് അനുഭവപ്പെടാത്ത രീതിയിൽ ആവശ്യമായ വെന്റിലേഷൻ സൗകര്യത്തോടെയായിരുന്നു നിർമ്മാണം. 93ൽ മെഡിക്കൽ കോളേജ് ആരംഭിച്ചപ്പോൾ ഈ കെട്ടിടം കാന്റീനാക്കി മാറ്റി. 2009 മുതൽ 2022 വരെ മെഡിക്കൽ കോളേജ് പൊലീസ് സ്‌റ്റേഷൻ പ്രവർത്തിച്ചതും ഇവിടെ തന്നെ. ഇപ്പോൾ ആരോഗ്യവകുപ്പിന്റെ അധീനതയിലുള്ള കെട്ടിടം സിനിമാ ഷൂട്ടിംഗിന് പൊലീസ് സ്റ്റേഷനായി ഉപയോഗിക്കാനും മെഡിക്കൽ കോളേജ് നവീകരണത്തിന് എത്തിയ ഉത്തരേന്ത്യൻ തൊഴിലാളികൾക്ക് താമസിക്കാനുമാണ് ഉപയോഗിക്കുന്നത്.

ചുമരുകൾക്കൊന്നും കേടുപാടുകളില്ലാത്ത ഈ ചരിത്രനിർമ്മിതി മേൽപ്പുര നവീകരിച്ച് സംരക്ഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

72 വർഷത്തെ പഴക്കം

72 വർഷം മുമ്പ് 1952ലാണ് സൂപ്രണ്ട് ക്വാർട്ടേഴ്സ് നിർമ്മിച്ചത്. ഒരുതരത്തിലുള്ള നവീകരണവും ഇല്ലാത്തതിനാൽ മേൽക്കുര മുഴുവൻ ദ്രവിച്ച് ഏതു സമയത്തും നിലംപതിക്കാവുന്ന അവസ്ഥയിലാണ്. 1957ലെ ആദ്യത്തെ ഇ.എം.എസ് മന്ത്രിസഭയിൽ ആരോഗ്യവകുപ്പ് മന്ത്രിയായിരുന്ന ഡോ. അമ്പാട്ട് രാവുണ്ണി മേനോൻ (ഡോ. എ.ആർ മേനോൻ) 1957 ജൂൺ 18ന് ആദ്യമായി സാനിട്ടോറിയം സന്ദർശിക്കാനെത്തിയപ്പോൾ അന്നത്തെ സൂപ്രണ്ടായിരുന്ന തഞ്ചാവൂർ സ്വദേശി ഡോ. എസ്. വണങ്ങാമുടിയോടൊപ്പം ഈ ക്വാർട്ടേഴ്സിലാണ് ഒരു ദിവസം താമസിച്ചത്. മേനോന്റെ അന്നത്തെ സന്ദർശനത്തിനു ശേഷമാണ് സാനിട്ടോറിയം സംസ്ഥാന ആരോഗ്യവകുപ്പ് പൂർണമായി ഏറ്റെടുത്തത്. അന്നത്തെ സാനിട്ടോറിയം ഭരണസമിതിയിൽ കോൺഗ്രസുകാർക്കുണ്ടായിരുന്ന നിർണ്ണായക ആധിപത്യം തകർക്കുകയായിരുന്നു ഏറ്റെടുക്കലിന്റെ ലക്ഷ്യം.