നീലേശ്വരം: നീലേശ്വരം ആസ്ഥാനമായി താലൂക്ക് രൂപീകരിക്കണമെന്ന നീണ്ടകാലത്തെ ആവശ്യത്തിന് പ്രതീക്ഷ നൽകി സർക്കാർ ഉത്തരവ്. നീലേശ്വരം താലൂക്ക് രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാർട്ടികളുടെ അഭിപ്രായം തേടാൻ സർക്കാർ ജില്ലാ കളക്ടറോട് നിർദ്ദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ഇക്കാര്യത്തിൽ രാഷ്ട്രീയ പാർട്ടി നേതാക്കളുടെ അഭിപ്രായം സ്വരൂപിക്കാൻ കളക്ടർ ഹൊസ്ദുർഗ് തഹസിൽദാരോട് നിർദ്ദേശിച്ചിട്ടുണ്ട്.

അടുത്ത് നടക്കുന്ന താലൂക്ക് വികസന സമിതി യോഗത്തിൽ ഈ വിഷയം ചർച്ച ചെയ്യാൻ അജണ്ടയിൽ ഉൾപ്പെടുത്തിയേക്കും. പതിറ്റാണ്ടുകൾ പഴക്കമുള്ളതാണ് നീലേശ്വരം ആസ്ഥാനമായി താലൂക്ക് വേണ ആവശ്യം. കേരളത്തിന്റെ പ്രഥമ മുഖ്യമന്ത്രി ഇ.എം.എസ് നമ്പൂതിരിപ്പാട് മത്സരിച്ചു ജയിച്ച നീലേശ്വരം മണ്ഡലത്തിന്റെ ഓർമ്മ നിലനിർത്താൻ നീലേശ്വരം താലൂക്ക് രൂപീകരിക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു. ഇതിനായി താലൂക്ക് രൂപീകരിക്കുന്നതിനെ കുറിച്ച് പഠിക്കാൻ അദ്ദേഹം കമ്മീഷനെ വച്ചിരുന്നു. പിന്നീട് കാസർകോട് ജില്ല രൂപീകരിക്കുമ്പോൾ അന്നത്തെ മുഖ്യമന്ത്രി കെ.കരുണാകരനും നീലേശ്വരം താലൂക്ക് രൂപീകരിക്കുമെന്ന് താലൂക്ക് ആക്ഷൻ കമ്മിറ്റിക്ക് വാഗ്ദാനം നൽകുകയുണ്ടായി.

ജില്ല രൂപീകരിക്കുമ്പോൾ കാസർകോട്, ഹോസ്ദുർഗ് എന്നീ രണ്ട് താലൂക്കുകൾ മാത്രമാണ് ഉണ്ടായിരുന്നത്. പിന്നീട് മഞ്ചേശ്വരത്തും വെള്ളരിക്കുണ്ടിലും താലൂക്ക് രൂപീകരിച്ചപ്പോഴും നീലേശ്വരം താലൂക്ക് എന്ന ആവശ്യം അവഗണിക്കപ്പെടുകയായിരുന്നു. നീലേശ്വരം ആസ്ഥാനമായി താലൂക്ക് അനുവദിക്കണമെന്ന് നാലു കമ്മിഷനുകൾ സർക്കാരിന് റിപ്പോർട്ട് നൽകിയെങ്കിലും മാറി മാറി വന്ന സർക്കാരുകൾ ഈ റിപ്പോർട്ടിനെ അവഗണിക്കുകയായിരുന്നു. നീലേശ്വരം താലൂക്ക് രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാർട്ടികളുടെ അഭിപ്രായം തേടാനുള്ള സർക്കാർ തീരുമാനം സ്വാഗതാർഹമാണെന്ന് മുതിർന്ന കോൺഗ്രസ് എസ് നേതാവ് കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ പ്രതികരിച്ചു.