police
കാസർകോട് ജില്ലാ പൊലീസ് മേധാവി ഡോ. ഡി.ശിൽപയും ആർ.ടി.ഒ സജി പ്രസാദും സംയുക്തമായി കാസർകോട് നായന്മാർമൂലയിൽ വാഹന പരിശോധന നടത്തുന്നു

കാസർകോട്: വർദ്ധിച്ചു വരുന്ന റോഡ് അപകടങ്ങൾ കുറക്കുന്നതിനും നിയമലംഘനങ്ങൾ തടയുന്നതിനുമായി പൊലീസും മോട്ടോർ വാഹന വകുപ്പും സംയുക്തമായി വാഹന പരിശോധനക്കും ബോധവൽക്കരണത്തിനും ഇറങ്ങി. അടുത്ത ഒരു മാസം മുഴുവൻ വാഹന പരിശോധന തുടരും. കൂടുതൽ അപകടങ്ങൾ നടക്കുന്ന കേന്ദ്രങ്ങളിലാണ് പരിശോധന. നിയമലംഘനങ്ങൾ കണ്ടെത്തിയാൽ കർശന നടപടി എടുക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.

സീറ്റ് ബെൽറ്റ്, ഹെൽമറ്റ്, അമിതവേഗത, സ്കൂൾ ബസുകൾ എന്നിവയാണ് പ്രധാനമായും നോക്കുന്നത്. സംയുക്ത ബോധവൽക്കരണ പദ്ധതിക്കും വാഹന പരിശോധനക്കും കാസർകോട് നായന്മാർമൂലയിലാണ് തുടക്കം കുറിച്ചത്. ജില്ലാ പൊലീസ് മേധാവി ഡി. ശില്പ, കാസർകോട് ആർ.ടി.ഒ സജി പ്രസാദ് എന്നിവർ ചേർന്ന് ഉദ്‌ഘാടനം ചെയ്തു. എ.എസ്.പി ഡോ. അപർണ, വിദ്യാനഗർ ഇൻസ്‌പെക്ടർ വിപിൻ, എം.വി.ഐമാരായ എം.പി.ചന്ദ്രകുമാർ, എം.എ.ശ്രീനിവാസൻ, റെജി കുര്യാക്കോസ് എന്നിവരും മോട്ടോർ വാഹന വകുപ്പിലെ മറ്റു ഉദ്യോഗസ്ഥരും നേതൃത്വം നൽകി. ഇന്നലെ കാഞ്ഞങ്ങാട്, കുമ്പള ഭാഗങ്ങളിലും സംയുക്ത പരിശോധനകൾ നടന്നു.