court
ഹൈക്കോടതി

മട്ടന്നൂർ: 2024ലെ ഡീലിമിറ്റേഷന്റെ ഭാഗമായി മട്ടന്നൂ‌ർ നഗരസഭയിൽ നടപ്പിലാക്കിയ കരട് വാർഡ് വിഭജന പട്ടിക കേരള ഹൈക്കോടതി റദ്ദാക്കി. മട്ടന്നൂർ മുനിസിപ്പൽ യു.ഡി.എഫ് കമ്മിറ്റിക്കു വേണ്ടി മുസ്ലീം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് ഇ.പി ഷംസുദ്ദീനും മട്ടന്നൂർ നോർത്ത് മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ഒ.കെ പ്രസാദും ഹൈക്കോടതി അഡ്വക്കേറ്റ് മുഹമ്മദ് ഷാ മുഖാന്തരം നൽകിയ കേസിലാണ് വിധി.

2021ലെ സെൻസസ് നടക്കാത്തതു കാരണം 2011 സെൻസസ് അടിസ്ഥാനമാക്കിയും വാർഡുകളുടെ എണ്ണത്തിൽ ആനുപാതിക വർദ്ധന നടത്തിയതിന്റെ അടിസ്ഥാനത്തിലുമാണ് സംസ്ഥാനത്ത് വാർഡുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നത്. മട്ടന്നൂർ നഗരസഭയിൽ 2027ൽ മാത്രമാണ് അടുത്ത തിരഞ്ഞെടുപ്പ് നടക്കുന്നത്. 2025ൽ സെൻസസ് നടക്കാനിരിക്കെ അതുകൂടി ഉൾപ്പെടുത്തി വാർഡ് വിഭജനം നടത്താൻ സാധിക്കും. മാത്രമല്ല നേരത്തെ സംസ്ഥാനത്ത് നടന്ന ഒരു ഡീലിമിറ്റേഷൻ ഉത്തരവുകളിലും മട്ടന്നൂർ ഉൾപ്പെടുത്തിയിരുന്നില്ല. നഗരസഭ രൂപീകരിച്ചതിനു ശേഷം വാർഡ് വിഭജനം നടന്ന സമയത്തെല്ലാം മട്ടന്നൂരിന് മാത്രമായി പ്രത്യേക ഉത്തരവായിരുന്നു ഉണ്ടായിരുന്നത്.

ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയും രാഷ്ട്രീയ പ്രേരിതമായി ഡീലിമിറ്റേഷൻ ചട്ടങ്ങൾ കാറ്റിൽ പറത്തി മട്ടന്നൂർ നഗരസഭാ ഭരണക്കാരും സി.പി.എമ്മും നടത്തിയ അശാസ്ത്രീയവും അപക്വവുമായ കരട് വാർഡ് വിഭജനത്തിനെതിരായുമാണ് യു.ഡി.എഫ്. ഹൈക്കോടതിയിൽ ഹർജി നൽകിയത്.