കണ്ണൂർ: നവീൻ ബാബുവിന്റെ മരണത്തിൽ കണ്ണൂർ മുൻ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയെ ന്യായീകരിച്ച് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ. നവീൻ ബാബുവിന്റെ കുടുംബത്തിന്റെ ഹർജി ദിവ്യയ്ക്ക് അനുകൂലമാണെന്ന് ജയരാജൻ പറഞ്ഞു. കുടുംബത്തിന്റെ ഹർജിയിൽ നവീൻ ബാബുവിനെ കൊന്ന് കെട്ടിത്തൂക്കിയെന്നാണ് പറയുന്നത്. അതിന്റെ മറ്റൊരർത്ഥം പി.പി. ദിവ്യ കുറ്റക്കാരി അല്ലെന്ന് ഹർജിക്കാരി തന്നെ പറയുന്നു എന്നാണെന്നും ജയരാജൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.
ദിവ്യയുടെ പേരിലുള്ള ആരോപണം ആത്മഹത്യാ പ്രേരണയാണ്. ദിവ്യക്കെതിരെ ഇതുവരെ കൊന്നു കെട്ടിത്തൂക്കി എന്ന ആരോപണം ഉയർന്നിട്ടില്ല. കൊലപാതകമാണെങ്കിൽ ആരാണ് അത് ചെയ്തതെന്ന് അന്വേഷിക്കണം. ആരായാലും അന്വേഷണം നടക്കണം. കൈക്കൂലി വാങ്ങാത്തതാണ് നവീൻ ബാബുവിന്റെ ചരിത്രം. എന്നാൽ ഉയർന്നുവന്ന ആരോപണം കൈക്കൂലി വാങ്ങിയെന്നാണ്. അതിന്റെ സത്യം എന്താണെന്ന് അറിയില്ല. നവീൻ ബാബു കൈക്കൂലി വാങ്ങിയിട്ടുണ്ടെങ്കിൽ പോലും ദിവ്യയുടെ പ്രസംഗം ശരിയായില്ലെന്നും എം.വി. ജയരാജൻ പറഞ്ഞു.