
കണ്ണൂർ: 'വൈദ്യുതി ബോർഡിൽ എന്നോടൊപ്പം ജോലിയിൽ പ്രവേശിച്ചവരെല്ലാം ഇന്ന് സീനിയർ സബ് എൻജിനിയർമാരാണ്... എങ്കിലും സങ്കടമൊന്നുമില്ല,മണ്ണിൽ പണിയെടുക്കുന്നതാണ് എന്റെ സന്തോഷം'... വൈദ്യുതി വകുപ്പിലെ ജോലി ഉപേക്ഷിച്ച് കൃഷിയിലേക്കിറങ്ങിയ നടുവിൽ വേങ്കുന്ന് സ്വദേശി മനോജ് ജോസഫ് പറഞ്ഞു. ഇലക്ട്രിക്കൽ എൻജിനിയറിംഗ് പാസായ മനോജിന് 2006ലാണ് വൈദ്യുതി ബോർഡിൽ നിയമനം ലഭിക്കുന്നത്. എന്നാൽ അന്ന് കൃഷിയുമായി താരതമ്യപ്പെടുത്തുമ്പോൾ വളരെ കുറഞ്ഞ ശമ്പളമായിരുന്നു. റബ്ബർ,കുരുമുളക് പോലുള്ള കാർഷിക ഉത്പന്നങ്ങൾക്കാണെങ്കിൽ ഉയർന്ന വിലയുമുള്ള കാലം. പിതാവ് കെ.എ.ജോസഫ് പാരമ്പര്യ കൃഷിക്കാരൻ കൂടിയായിരുന്നതിനാൽ മനോജ് മറ്റൊന്നും ചിന്തിച്ചില്ല. കിട്ടിയ ജോലി ഉപേക്ഷിച്ച് കൃഷിയിലേക്ക് കടന്നു. കാലക്രമേണ തന്നോടൊപ്പം ജോലിയിൽ പ്രവേശിച്ചവർ ലക്ഷങ്ങൾ ശമ്പളം വാങ്ങുകയും കാർഷിക മേഖലയിൽ ഉത്പന്നങ്ങളുടെ വില കുത്തനെ ഇടിയുകയും ചെയ്തുവെന്നത് വാസ്തവം.
എന്നാലും ഇന്ന് കാർഷിക മേഖലയിൽ മികച്ച നേട്ടം കൈവരിച്ച് മുന്നേറുകയാണ് ഈ കർഷകൻ. 2013ൽ നടുവിൽ പഞ്ചായത്തിലും 2018ൽ തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്തിലും മികച്ച യുവ കർഷകനായി തിരഞ്ഞെടുത്തു. ഈ വർഷം നടുവിൽ പഞ്ചായത്തിലെ മികച്ച കർഷകനായി.
സ്വന്തമായുണ്ടാക്കുന്ന മണ്ണിര കമ്പോസ്റ്റും മറ്റ് രാസവളവുമാണ് പ്രധാനമായും ഉപയോഗിക്കുന്നത്. മണ്ണിര കമ്പോസ്റ്റിനെ കുറിച്ച് പഠിക്കാൻ വരുന്നവർക്ക് സാങ്കേതിക പരിജ്ഞാനവും ഒപ്പം സൗജന്യമായി മണ്ണിരയേയും കൊടുക്കാറുണ്ട്. അഞ്ചുവർഷമായി നടുവിലിലും പന്നിയൂർ കൃഷി വിജ്ഞാന കേന്ദ്രത്തിലും മഞ്ഞൾ വിത്ത് നൽകിവരുന്നുണ്ട്. കാർഷിക രീതി പഠിക്കാനാഗ്രഹിക്കുന്നവരെ സ്വന്തം കഷിസ്ഥലത്തേക്ക് സ്വാഗതം ചെയ്യുകയാണ് മനോജ്. പുലിക്കുരുമ്പ ക്ഷീര സംഘത്തിന്റെ പ്രസിഡന്റ് കൂടിയാണ്. കൃഷിക്കൊപ്പം പശു വളർത്തലുമുണ്ട്. ഭാര്യ:ലിനി. മക്കൾ:മൗറിൽ,ഫ്ലവറിൻ,ജോഷ.
കുരുമുളകിന്റെ
40 ഇനങ്ങൾ
സ്വന്തമായുള്ള ആറ് ഏക്കറിൽ തെങ്ങ്,കവുങ്ങ്,റബ്ബർ,വാഴ,കപ്പ,ഇഞ്ചി,മഞ്ഞൾ തുടങ്ങിയ വിളകളാണ് കൃഷി ചെയ്യുന്നത്. പാട്ടത്തിനെടുത്ത ഒരു ഏക്കറിൽ കുരുമുളകിന്റെ 40 വ്യത്യസ്ത ഇനങ്ങൾ കൃഷി ചെയ്യുന്നു. പന്നിയൂർ,കരിമുണ്ട,അരക്കളമുണ്ട,പൂഞ്ഞാറൻ,കുതിരവാലൻ,വിജയ്,തെക്കൻ തുടങ്ങിയവയാണ് നിലവിലെ കൃഷി. ഹൈറേഞ്ച് ഗോൾഡിൽപ്പെട്ട 10 ഇനങ്ങൾ വേറെയുമുണ്ട്. മറ്റു കർഷകരിൽ നിന്നും ശേഖരിച്ചതും മനോജ് തന്നെ ഗ്രാഫ്റ്റ് ചെയ്യുന്ന തൈകളുമുണ്ട്. കൊളീബ്രിനം എന്ന കാട്ടു തിപ്പലിയിൽ കുരുമുളക് ഗ്രാഫ്റ്റ് ചെയ്താണ് കൃഷിക്കുപയോഗിക്കുന്നത്. ഇതിന് അത്യുത്പാദനമുള്ളതിനാൽ മികച്ച വരുമാനം ലഭിക്കുന്നു. ഇവയുടെ തൈകൾ വിൽക്കുന്നുമുണ്ട്.