കണ്ണൂർ: കണ്ണൂരിന്റെ സ്വന്തം കാനാമ്പുഴയെ വീണ്ടെടുക്കാൻ വിദ്യാർത്ഥികൾ ഒറ്റക്കെട്ടായി ഇറങ്ങി. കാനാമ്പുഴ അതിജീവന പരിപാടിയുടെ ഒന്നാംഘട്ട പ്രവർത്തനങ്ങളുടെ ഉദ്ഘാടനത്തിന് മുന്നോടിയായി എൻ.എസ്.എസ് വളണ്ടിയർമാരുടെ നേതൃത്വത്തിൽ ഇരുകരകളിലും ക്ലീനിംഗ് ഡ്രൈവ് സംഘടിപ്പിച്ചാണ് വിദ്യാർത്ഥികൾ മാതൃക തീർത്തത്.
ചീപ്പ് പാലം ഭാഗത്ത് കണ്ണൂർ എസ്.എൻ കോളേജ്, എസ്.എൻ.ജി. കോളേജ് എന്നിവിടങ്ങളിലെ എൻ.എസ്.എസ് യൂണിറ്റിലെ 58 വളണ്ടിയർമാരും കൂടത്തിൽ താഴെ പ്രദേശത്ത് തോട്ടട വനിത ഐ.ടി.ഐ യിലെ 38 വളണ്ടിയർമാരും, ശിശുമന്ദിരം റോഡ് ഭാഗത്ത് തോട്ടട ഗവ. പോളിടെക്നിക്കിലെ 57 വളണ്ടിയർമാരും ശുചീകരണത്തിൽ പങ്കാളികളായി. കണ്ണൂർ മുനിസിപ്പൽ കോർപ്പറേഷൻ കൗൺസിലർമാരായ നിർമ്മല, ധനേഷ് മോഹൻ, ഹരിത കേരളം മിഷൻ ജില്ലാ കോർഡിനേറ്റർ ഇ.കെ.സോമശേഖരൻ, ഗവ. വനിത ഐ.ടി.ഐ പ്രിൻസിപ്പൽ എം.പി. വത്സൻ,ഹരിത കേരളം മിഷൻ ജില്ലാ റിസോഴ്സ് പേഴ്സൺമാരായ ജയപ്രകാശ് പന്തക്ക, കെ.നാരായണൻ, ബാലൻ വയലേരി, പി.പി.രജുല, കാനാമ്പുഴ അതിജീവന സമിതി അംഗങ്ങളായ എം.എൻ.ജനാർദ്ദനൻ, ബഷീർ, രതീശൻ നേതൃത്വം നൽകി.
കോർപ്പറേഷൻ കണ്ടിജന്റ് ജീവനക്കാർ, തൊഴിലുറപ്പ് തൊഴിലാളികൾ തുടങ്ങി ആകെ 284 പേർ ശുചീകരണ പരിപാടിയിൽ പങ്കെടുത്തു. ക്ലീനിംഗ് ഡ്രൈവിന്റെ ഭാഗമായി വിദ്യാർത്ഥികളുടെ വാട്സ്ആപ്പ് സ്റ്റാറ്റസ് ക്യാമ്പയിനും നടന്നു.
പുനരുജ്ജീവന പദ്ധതി ഒന്നാംഘട്ട ഉദ്ഘാടനം 26ന്
കാനാമ്പുഴ പുനരുജ്ജീവന പ്രവർത്തനങ്ങളുടെ ഒന്നാം ഘട്ട പൂർത്തീകരണ ഉദ്ഘാടനം 26 ന് രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. മന്ത്രിമാരായ രാമചന്ദ്രൻ കടന്നപ്പള്ളി, റോഷി അഗസ്റ്റിൻ, നവകേരളം കർമ്മപദ്ധതി രണ്ട് സംസ്ഥാന കോ ഓഡിനേറ്റർ ഡോ.ടി.എൻ.സീമ എന്നിവർ പങ്കെടുക്കും. ഉദ്ഘാടന പരിപാടിയുടെ ഭാഗമായി ചൊവ്വ ഗവ. എൽ.പി സ്‌കൂളിൽ കാനാമ്പുഴ ഫോട്ടോ, ചിത്ര രചനാ പ്രദർശനം 24,25,26 തീയതികളിലും ചൊവ്വ സർവീസ് സഹകരണ ബാങ്ക് ഹാളിൽ 'കാനാമ്പുഴ ഇന്ന്, ഇന്നലെ, നാളെ' എന്ന വിഷയത്തെ അധികരിച്ചുകൊണ്ട് സെമിനാർ 24 ന് ഉച്ചക്ക് 2 മണിക്കും നടക്കും.
ജനകീയ പങ്കാളിത്തത്തിൽ ശുദ്ധീകരിക്കുന്ന ആദ്യപുഴ
ഹരിതകേരളം മിഷന്റെ ഭാഗമായി സംസ്ഥാനത്ത് ജനകീയ പങ്കാളിത്തത്തോടെ ശുദ്ധീകരിക്കുന്ന ആദ്യ പുഴയാണ് കണ്ണൂരിലെ കാനാമ്പുഴ. പുനരുജ്ജീവന പദ്ധതിയുടെ ഭാഗമായി താഴെ ചൊവ്വ ചീപ്പ് പാലം മുതൽ തിലാന്നൂർ ശിശുമന്ദിരം റോഡ് വരെയുള്ള ഭാഗം പൂർത്തീകരിച്ചു. പുഴയിലെ ചെളിയും മാലിന്യങ്ങളും നീക്കി കരിങ്കല്ല് കൊണ്ട് പാർശ്വഭിത്തിയും നിർമ്മിച്ചു. പുഴയുടെ ഇരുവശങ്ങളിലും നടപ്പാത, ബണ്ട് എന്നിവ നിർമ്മിച്ചു. ബണ്ടിൽ കയർ ഭൂവസ്ത്രം വിരിച്ചു. തെരുവ് വിളക്കുകളും സ്ഥാപിച്ചു.