കണ്ണൂർ : കണ്ണൂർ സർവകലാശാലയുടെ അഫിലിയേറ്റഡ് കോളേജുകളിലെ നാല് വർഷ ഡിഗ്രി കോഴ്സിന്റെ ഒന്നാം സെമസ്റ്റർ പരീക്ഷാഫലം ചോർന്നെന്ന് കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് പി.മുഹമ്മദ് ഷമ്മാസ് വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
കഴിഞ്ഞദിവസം ഫലം പ്രഖ്യാപിക്കുമെന്ന് സർവകലാശാല നേരത്തെ അറിയിച്ചിരുന്നെങ്കിലും വൈകീട്ട് ഏഴു മണി വരെയും പ്രഖ്യാപിച്ചില്ല. എന്നാൽ ഉച്ചയ്ക്ക് മൂന്നരയോടെ വിദ്യാർത്ഥികളുടെ വിവിധ വാട്സാപ്പ് ഗ്രൂപ്പുകളിൽ പരീക്ഷാഫലങ്ങൾ പ്രചരിച്ചു തുടങ്ങിയിരുന്നു.ഗുരുതര പിഴവ് ശ്രദ്ധയിൽപ്പെട്ട ഉടനെ പരീക്ഷ കൺട്രോളർ ബി.മുഹമ്മദ് ഇസ്മായിലിനെ ബന്ധപ്പെട്ടപ്പോൾ സർവകലാശാല പരീക്ഷാഫലം പ്രഖ്യാപിച്ചിട്ടില്ലെന്നും എപ്പോൾ പ്രഖ്യാപിക്കാൻ കഴിയുമെന്ന് പറയാൻ കഴിയില്ലെന്നുമായിരുന്നു മറുപടി. കോളേജ് തലത്തിലാണ് മൂല്യനിർണയം നടന്നതെങ്കിലും ഔദ്യോഗികമായി പരീക്ഷാഫലം പ്രഖ്യാപിക്കുന്നത് സർവ്വകലാശാലയാണെന്ന് വൈകിട്ട് ആ റുമണിക്ക് കൺട്രോളർ വ്യക്തമാക്കിയതായും ഷമ്മാസ് പറഞ്ഞു.
അപകടം മനസ്സിലാക്കിയ സർവ്വകലാശാല അധികൃതർ വാർത്ത പുറത്തുവന്നതിന് പിന്നാലെ ഏഴു മണിയോടെ തിരക്കിട്ട് പരീക്ഷാഫലങ്ങൾ പ്രസിദ്ധീകരിച്ചു.വിവാദമായ കെ റീപ്പ് പദ്ധതിയുടെ പേരിൽ നടക്കുന്ന കച്ചവടത്തിന്റെ ആദ്യത്തെ തെളിവാണ് പരീക്ഷാഫലം ചോർന്നത്. ഉന്നത വിദ്യാഭ്യാസ മന്ത്രി ഇടപെട്ട് വിദ്യാർത്ഥികളുടെ മുഴുവൻ വിവരങ്ങളും പരീക്ഷ നടപടിക്രമങ്ങളും കൈകാര്യം ചെയ്യുന്നതിന് എം.കെ.സി.എൽ എന്ന കമ്പനിക്ക് ഉന്നത വിദ്യാഭ്യാസ കൗൺസിൽ മുഖേന നൽകിയ കരാറിന്റെ പ്രത്യാഘാതമാണിതെന്നും
ഷമ്മാസ് ആരോപിച്ചു