devakooth

കണ്ണൂർ: തെയ്യപ്രപഞ്ചത്തിൽ സ്ത്രീകൾ ധരിക്കുന്ന ഏക കോലമായ ദേവകൂത്ത് തെക്കുമ്പാട് കൂലോം തായക്കാവിൽ ഭക്തർക്ക് അനുഗ്രഹമേകി നിറഞ്ഞാടി. മാടായി സ്വദേശി എം.വി അംബുജാക്ഷി അമ്മയാണ് കോലത്തിരി രാജാക്കൻമാരുടെ പരദേവതയായ മാടായിക്കാവിലമ്മയുടെ ചൈതന്യം കുടികൊള്ളുന്ന തായക്കാവിൽ ഭൂമിയിലിറങ്ങിയ ദേവകന്യകയുടെ പുരാവൃത്തമുള്ള ദേവക്കൂത്തിനെ ഇക്കുറിയും അരങ്ങിലെത്തിച്ചത്.

ഇന്നലെ രാവിലെ 11 മണിയോടെയാണ് തെക്കുമ്പാട് ദ്വീപിന്റെ തെക്കേ അറ്റത്ത് 18 ഏക്കർ വനത്തിനുള്ളിൽ സ്ഥിതി ചെയ്യുന്ന തായക്കാവിൽ ദേവക്കൂത്ത് തെയ്യക്കോലം അരങ്ങിലെത്തിയത്.ദേവലോകത്ത് നിന്ന് ഈ ചെറുദ്വീപിലേക്ക് എത്തിയ ദേവസുന്ദരി തോഴിമാരുമൊത്ത് വളരെ വിശേഷപ്പെട്ട പൂക്കൾ പറിക്കുന്നതിനിടയിൽ കാട്ടിൽ ഒറ്റപ്പെട്ടതുമായി ബന്ധപ്പെട്ടാണ് ദേവക്കൂത്തിന്റെ പുരാവൃത്തം. നാരദന്റെ സഹായത്തോടെ കൂലോം ഭാഗത്തേക്ക് എത്തി തെങ്ങിന്റെ ഓല കൊണ്ടൊരു താല്ക്കാലിക പുര പണിഞ്ഞ് വസ്ത്രം മാറിയ ശേഷം ചങ്ങാടത്തിൽ തെക്കുമ്പാട് നദി കടന്ന് ആയിരംതെങ്ങു വള്ളുവൻ കടവിലെത്തി സ്വർഗ്ഗത്തിലേക്ക് തിരിച്ചുവെന്നുമാണ് ഐതിഹ്യം.

ഇരഞ്ഞിക്കൽ ഭഗവതി, കളിക്ക ഭഗവതി, കലക്ക തെയ്യം, കാട്ടിലെ തെയ്യം, ചെറുക്കൻ കരിയാത്തൻ, കരിഞ്ചാമുണ്ടി, വേട്ടക്കൊരു മകൻ, ബിന്ദൂർ ഭൂതം എന്നിവയാണ് കൂലോത്ത് കെട്ടിയാടുന്ന മറ്റ് തെയ്യക്കോലങ്ങൾ.


വള്ളത്തിലേറി, വരവേൽപ്പോടെ

ആയിരംതെങ്ങു വള്ളുവൻ കടവിൽ നിന്ന് വള്ളത്തിലാണ് ഉത്സവത്തിന് രണ്ടു ദിവസം മുമ്പെ കോലക്കാരി തെക്കുമ്പാട് കടവിലേക്ക് എത്തുന്നത്. താലപ്പൊലിയുമായി എതിരേൽക്കപ്പെടുന്ന ഇവർ രണ്ടു ദിവസം, താല്ക്കാലികമായി പണിത കുച്ചിൽ എന്നറിയപ്പെടുന്ന അറയിലാണ് കഴിയേണ്ടത്. ഈ ദിവസങ്ങളിൽ മറ്റുള്ളവറിൽ നിന്ന് മാറി നിൽക്കുന്ന കോലക്കാരി മുഖത്തെഴുത്തും ചമയങ്ങളുമണിഞ്ഞ് തെയ്യച്ചമയത്തോടെ മാത്രമാണ് പിന്നീട് കളിയാട്ടദിവസം പുറത്തെത്തുന്നത്. ക്ഷേത്രത്തിനു നേരെ ചെറു നൃത്തം വച്ച് വരും. അൽപ്പ സമയത്തിനു ശേഷം നാരദ സങ്കൽപത്തിലുള്ള തെയ്യം പ്രത്യക്ഷപ്പെടുകയും ചെണ്ടയുടെ താളത്തിനൊത്ത് ഇരുവരും നൃത്തമാടുകയും ചെയ്യും.