
കണ്ണൂർ: വിലക്കയറ്റം നിയന്ത്രിക്കാനും പൊതുജനങ്ങൾക്ക് മിതമായ നിലയിൽ നിത്യോപയോഗ സാധനങ്ങൾ ലഭ്യമാക്കുന്നതിനുമായി സംസ്ഥാനത്തെ 14 ജില്ലകളിലും ത്രിവേണി സൂപ്പർ മാർക്കറ്റുകളിൽ ക്രിസ്തുമസ് പുതുവത്സര വിപണി തുടങ്ങും. നാൽപത് ശതമാനം വരെ സർക്കാർ റിബേറ്റിൽ ഇവിടെ നിന്ന് സാധനങ്ങൾ ലഭ്യമാക്കും. ഇരുപത്തിമൂന്നു മുതൽ ജനുവരി ഒന്നുവരെയാണ് വിപണി. അരി, പഞ്ചസാര, ചെറുപയർ, വെളിച്ചെണ്ണ, കടല ഉൾപെടെ 13 ഇനങ്ങൾ സബ്സിഡിയിലൂടെ റേഷൻ കാർഡ് ഉടമകൾക്ക് വാങ്ങാം. ജില്ലയിലെ വിപണിയിലൂടെ പ്രതിദിനം 300 റേഷൻ കാർഡുള്ള കുടുംബങ്ങൾ സാധനങ്ങൾ വാങ്ങാം. ഇതിനായി ടോക്കൺ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ജില്ലാ വിപണി പൊലിസ് ക്ലബ്ബായ ജിമ്മി ജോർജ് ഹാളിൽ 23ന് രാവിലെ പത്തരക്ക് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യുമെന്ന് റീജീയനൽ മാനേജർ ആർ.പ്രദീപ് കുമാർ, രജീഷ് കുമാർ, എസ്.മിതേഷ് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.