കണ്ണൂർ: വർഷങ്ങളായി അടച്ചിട്ട പുതിയതെരു ധനരാജ് ടാക്കീസിന്റെ പൂട്ട് തകർത്ത് മോഷണം. പ്രൊജക്ടർ ഉൾപ്പെടെ 15 ലക്ഷത്തോളം വില വരുന്ന തീയേറ്റർ ഉപകരണങ്ങൾ കവർന്നു. താഴെചൊവ്വ സ്വദേശി പി.കെ. മഹിമയുടെ പരാതിയിലാണ് വളപട്ടണം പൊലീസ് കേസെടുത്തത്. 2020 മാർച്ച് 10 നും 2024 ഡിസംബർ 15 നും ഇടയിലാണ് മോഷണം നടന്നത്.

ടാക്കീസിലുണ്ടായിരുന്ന 30,000 രൂപ വിലവരുന്ന ബാറ്ററി, ആറ് ലക്ഷം രൂപ വിലവരുന്ന ആംബ്ലിഫയർ, 43000 രൂപ വിലവരുന്ന എയർ കണ്ടീഷണർ, ഒരു ലക്ഷം രൂപ വിലവരുന്ന കോപ്പർ വയർ, 38,000 രൂപ വിലവരുന്ന പ്രോസസർ, ട്രാൻസ്‌ഫോമർ, വോൾട്ടേജ് സെബിലൈസർ, യു.പി.എസ്, ലൗഡ് സ്പീക്കർ തുടങ്ങി 15 ലക്ഷത്തോളം രൂപയുടെ സാധനങ്ങളാണ് കവർന്നത്. 2020 മുതൽ ടാക്കീസ് പൂട്ടി കിടക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ഉടമസ്ഥർ വന്ന് നോക്കിയപ്പോഴാണ് ടാക്കീസിന്റെ പൂട്ട് തകർന്ന നിലയിൽ കണ്ടത്. തുടർന്ന് അകത്ത് കയറി പരിശോധിച്ചപ്പോഴാണ് സാധനങ്ങൾ മോഷണം പോയതായി കണ്ടത്. വളപട്ടണം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.