bomb

 വീട്ടിൽ നിന്ന് മൂന്ന് ബോംബ് കണ്ടെത്തി

ഇരിട്ടി (കണ്ണൂർ)​: ഉളിക്കൽ പരിക്കളത്തെ വീട്ടിലുണ്ടായ ബോംബ് സ്‌ഫോടനത്തിൽ സി.പി.എം പ്രവർത്തകൻ അറസ്റ്റിൽ. വീട്ടുടമയും സി.പി.എം പ്രവർത്തകനുമായ മൈലപ്രവൻ ഗിരീഷിനെയാണ് (37) പൊലീസ് അറസ്റ്റ് ചെയ്തത്.

ഇന്നലെ രാവിലെ ഒമ്പതിനായിരുന്നു സ്‌ഫോടനം. സ്‌ഫോടന സമയത്ത് ഗിരീഷിന്റെ അമ്മയും വല്യമ്മയുമാണ് വീട്ടിലുണ്ടായിരുന്നത്. ഇവർക്കാർക്കും പരിക്കില്ല. ബോംബ് സ്‌ക്വാഡ് നടത്തിയ പരിശോധനയിൽ വീട്ടിലെ ടെറസിൽ നിന്ന് മൂന്ന് ഐസ്ക്രീം ബോംബുകൾ കണ്ടെത്തി. ഗിരീഷിന്റെ വീടിന്റെ ഭാഗത്തു നിന്നാണ് ശബ്ദം കേട്ടതെന്ന് നാട്ടുകാരാണ് പൊലീസിനെ അറിയിച്ചത്.

എന്നാൽ പൊലീസ് പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ല. പിന്നാലെ നടത്തിയ പരിശോധനയിലാണ് ടെറസിലെ പെയിന്റ് ബക്കറ്റിൽ സൂക്ഷിച്ചിരുന്ന ഐസ്ക്രീം ബോംബുകൾ കണ്ടെടുത്തത്. ടെറസിന് താഴെ വീണ ബോംബാണ് പൊട്ടിയതെന്ന് കരുതുന്നു. ബോംബിന്റെ അവശിഷ്ടങ്ങൾ മാറ്റി വെള്ളമൊഴിച്ച് കഴുകിയ നിലയിലായിരുന്നു.

 പരിക്കളക്കാർ ഭീതിയിൽ

രാഷ്ട്രീയ സംഘർഷങ്ങളില്ലാത്ത പ്രദേശമാണ് പരിക്കളം. എന്നാൽ ബോംബ് പൊട്ടിയതിനു പിന്നാലെ ഇവിടത്തുകാർ ഭീതിയിലാണ്. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. ഉളിക്കൽ സി.ഐ അരുൺദാസ്, എ.എസ്.ഐമാരായ രാജീവൻ, ഷിബു, വേണു, സി.പി.ഒ ധനേഷ്, ബോംബ് സ്‌ക്വാഡ് എസ്.ഐ.ബാബു, സി.പി.ഒ നാമേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.