തൃക്കരിപ്പൂർ: തൃക്കരിപ്പൂർ ഗ്രാമ പഞ്ചായത്തിലെ എടാട്ടുമ്മൽ - കൊയോങ്കര പ്രദേശത്തെ പാടശേഖരങ്ങളിലെ നെൽവയലുകളിൽ ജലസേചന സൗകര്യം ക്രമീകരിക്കുന്നതിനായി കൊയോങ്കര കൈത്തോട്ടിൽ കയർ ഭൂവസ്ത്രം വിരിച്ചു. ഇതോടെ പ്രദേശത്തെ നൂറുകണക്കിന് കർഷകർക്ക് ജലസേചനവുമായി ബന്ധപ്പെട്ട സൗകര്യമൊരുങ്ങി. തൃക്കരിപ്പൂർ ഗ്രാമ പഞ്ചായത്തിന് കീഴിൽ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ആറ്, എട്ട് വാർഡുകൾ ഉൾപ്പെട്ട പദ്ധതി പൂർത്തിയായത്. വിശാലമായി പരന്നുകിടക്കുന്ന നൂറുകണക്കിന് നെൽവയലുകൾക്ക് മധ്യത്തിലൂടെ ഒഴുക്കുന്ന ചെറിയ നീർചാൽ നവീകരിച്ച് തകർന്നു പോകാതിരിക്കാൻ ഇരുകരകളും ഉറപ്പിച്ച് അതിന് മുകളിലെന്ന നിലയിലാണ് കയർ ഭൂവസ്ത്രം വിരിച്ചത്. ഏകദേശം 400 മീറ്റർ ദൂരത്തിലായുള്ള ഈ പദ്ധതി പൂർത്തിയാക്കാൻ 1500 തൊഴിലുറപ്പ് തൊഴിലാളികളുടെ സേവനം വേണ്ടി വന്നു. കാസർകോട് ജില്ലയിൽ ആദ്യത്തേതാണ് കൊയോങ്കര പാട ശേഖരസമിതിയുടെ സഹകരണത്തോടെ തൃക്കരിപ്പൂരിൽ പൂർത്തിയായ ഈ കയർ ഭൂവസ്ത്ര പദ്ധതിയെന്നാണ് അറിയാൻ കഴിഞ്ഞത്.
കൃഷിയ്ക്കായി ഒരു കരുതൽ
വയലുകൾക്ക് നടുവിലൂടെ കടന്നുപോകുന്ന ചാലിന്റെ ഇരുഭാഗങ്ങളും പല കാരണങ്ങളാൽ ഇടിഞ്ഞു നശിച്ചുപോകാൻ ഇടയാകും. ഇത്തരം അവസ്ഥയിൽ ചാലിലൂടെ എത്തുന്ന വെള്ളം വയലിലേക്ക് അധികമായി കയറിയാൽ കൃഷി നാശം സംഭവിക്കാൻ ഇടയുണ്ട്. ഇതിനൊരു പരിഹാരമെന്ന നിലയിലാണ് പുതുക്കിപ്പണിത ചാലുകൾക്ക് മുകളിൽ നീളത്തിൽ രണ്ടുകരയിലുമായി കയർ ഭൂവസ്ത്രം വിരിച്ച് മൺതിട്ടയെ ഉറപ്പിച്ചു നിർത്തുന്നത്. വയലുകളിലേക്ക് ആവശ്യമെങ്കിൽ വെള്ളം കയറ്റി വിടുക, എന്നാൽ വയലുകളിൽ അധികമായി വെള്ളം കെട്ടിക്കിടക്കുന്നുണ്ടെങ്കിൽ അത് തോട്ടിലൂടെ പുറത്തേക്ക് വിടുക തുടങ്ങിയവയാണ് ചാലിന്റെ ലക്ഷ്യം.