
താരമായി എൽ.ഇ.ഡി ട്രീകൾ
കണ്ണൂർ:ക്രിസ്മസ് പടിവാതിക്കൽ എത്തി നിൽക്കെ നക്ഷത്രങ്ങളും പുൽക്കൂടുകളും ക്രിസ്മസ് ട്രീയും സാന്താക്ലോസ് വസ്ത്രങ്ങളുമടക്കം വിപണി സജീവമായി. പൈൻ മരത്തിന്റെ ഇലയുടെ ആകൃതിയിലുള്ള ട്രീ സ്റ്റാറുകളാണ് ഇത്തവ വിപണി കൈയടക്കിയിരിക്കുന്നത്. പുൽകൂടിന്റെ രൂപം നടുവിൽ കൊത്തിയ സ്റ്റാറുകളും വിപണിയിൽ ഇടം പിടിച്ചിട്ടുണ്ട്.ഒൻപത് അടി വരെയുള്ള എൽ.ഇ.ഡി ട്രീകളാണ് വിപണിയിലെ താരം. പുറമെ കുട്ടികളെ ആകർഷിക്കാൻ വൈവിദ്ധ്യമുള്ള ഡെക്കറേഷൻ ഉത്പന്നങ്ങളും വിപണിയിലുണ്ട്.
റെയിൻ ഡിയർ എൽ.ഇ.ഡികൾക്കും നല്ല ഡിമാൻഡാണ്. വിവിധ ഡിസൈനോടുകൂടിയുള്ള ക്രിസ്മസ് തൊപ്പികൾ, നക്ഷത്ര കണ്ണടകൾ എന്നിവയും വിപണിയിലുണ്ട്. പല വർണ്ണങ്ങളിലുള്ള എൽ. ഇ .ഡി നക്ഷത്രങ്ങൾ, ഒന്നിൽ വിവിധ വർണ്ണങ്ങളോടു കൂടിയുള്ള നാല് എൽ. ഇ .ഡി നക്ഷത്രങ്ങളുള്ള 600 രൂപയുടെ വലിയ നക്ഷത്രവും വിപണിയിൽ സജീവമാണ്. മുപ്പതു മുതൽ 70 വരെയാണ് പേപ്പർ നക്ഷത്രങ്ങളുടെ വില. തൊപ്പി, സാന്താക്ളോസ് മുഖം മൂടി എന്നിവയും വിൽപനയ്‌ക്കെത്തിയിട്ടുണ്ട്.അറുപതു മുതൽ 500 രൂപ വരെ വിലവരുന്ന സീരിയൽ മാല ബൾബ്, നാനൂറു രൂപ മുതൽ വിലയുള്ള പാപ്പ ഡ്രസ് തുടങ്ങിയവയും വിപണിയിലെ താരങ്ങളാണ്.
ക്രിസ്മസ് ട്രീ വില ഉയരത്തിൽ
രണ്ടായിരം രൂപ വില വരുന്ന നാല് അടിയുടെ എൽ. ഇ.ഡി ക്രിസ്മസ് ട്രീ മുതൽ അയ്യായിരത്തിന്റെ ഒൻപത് അടി ഉയരമുള്ള ട്രീക്കും ആവശ്യക്കാർ ഏറെയാണ്. നൂറു മുതൽ 800 വരെയാണ് സാധാരണ ക്രിസ്മസ് ട്രീയുടെ വില.
അണിഞ്ഞൊരുങ്ങി പള്ളി അങ്കണങ്ങൾ
ക്രിസ്മസിനെ വരവേൽക്കാൻ ജില്ലയിലെ ക്രിസ്തീയ ദേവാലയങ്ങൾ അണിഞ്ഞൊരുങ്ങിക്കഴിഞ്ഞു. നക്ഷത്രങ്ങളും ദീപാലങ്കാരങ്ങളുമായി മിന്നിത്തിളങ്ങുകയാണ് പള്ളി അങ്കണങ്ങൾ. യുവജന സംഘടനകളുടെ നേതൃത്വത്തിലാണ് മിക്കയിടത്തും പുൽക്കൂടുകൾ നിർമ്മിക്കുന്നത്. ഈ മാസം ആദ്യം മുതൽ തന്നെ ദേവാലയങ്ങളിലും വീടുകളിലും നക്ഷത്രങ്ങളും ട്രീകളും ദീപാലാങ്കരവും ഒരുക്കിയിരുന്നു. കരോൾ സംഘങ്ങളും സജീവമായിട്ടുണ്ട്. തിരുപ്പിറവി സമയം വരെ കരോളുകൾ സഞ്ചരിക്കും.
റെഡിമേയ്ഡ് പുൽക്കൂടിനും ഡിമാൻഡ്
ഇപ്പോൾ സ്വന്തമായി നിർമിക്കുന്ന പുൽക്കൂടുകളെക്കാൾ റെഡിമെയ്ഡ് പുൽക്കൂടുകൾക്കാണ് ആവശ്യക്കാർ ഏറിവരുന്നത്.മുന്നൂറു മുതൽ 2000 വരെയാണ് പുൽക്കൂടിന്റെ വില. വ്യത്യസ്തരീതിയിലുള്ള പുൽക്കൂടുകൾക്കാണ് അധിക ഓർഡറുകളുമെന്ന് വ്യാപാരികൾ പറഞ്ഞു.