
കാസർകോട്: അമൃത് ഭാരത് പദ്ധതി വഴി 24 കോടി ചിലവിട്ട് നവീകരണം നടക്കുന്ന കാസർകോട് റെയിൽവേ സ്റ്റേഷനിൽ പൊടിപടലങ്ങളിൽ കുളിച്ചും ചെവി തകർക്കുന്ന ശബ്ദം സഹിച്ചും പൊറുതിമുട്ടി യാത്രക്കാർ. കടുത്ത പ്രയാസം അനുഭവിക്കുന്ന സാഹചര്യത്തിൽ പരിഹാരം തേടി മലിനീകരണ നിയന്ത്രണ ബോർഡിനും പൊലീസിനും പരാതി നൽകിയിരിക്കുകയാണ് പാസ്സഞ്ചർ അസോസിയേഷൻ.
നൂറുകണക്കിന് യാത്രക്കാർ ട്രെയിൻ കാത്തുനിൽക്കുന്ന പ്ലാറ്റ്ഫോമിൽ വച്ചാണ് മാർബിൾ കട്ട് ചെയ്യുന്നത് .കടുത്ത ആരോഗ്യപ്രശ്നം ഉണ്ടാക്കുന്ന മാർബിൾ പൊടിയാണ് ശ്വസിക്കേണ്ടിവരുന്നത്. യാത്രക്കാർക്ക് മാത്രമല്ല, ജീവനക്കാർക്കും ഇതെ ദുരിതം സഹിക്കേണ്ടിവരുന്നു. കട്ടിംഗ് യന്ത്രങ്ങൾ പ്ളാറ്റ്ഫോമിന് പുറത്തേക്ക് മാറ്റിസ്ഥാപിച്ചാൽ പരിഹരിക്കാവുന്ന പ്രശ്നത്തെയാണ് കൃത്യമായ ഇടപെടലിലില്ലാതെ ഗുരുതരമാക്കുന്നത്. നിലവിൽ സ്റ്റേഷനിലെത്തുന്ന യാത്രക്കാർക്ക് പൊടിപടലങ്ങൾ മൂലം ഇരിക്കാൻ പോലും സാധിക്കാത്ത സ്ഥിതിയാണ്.
കോടതി വിധിയുണ്ട്
മാർബിൾ സ്ലറി മൂലമുണ്ടാകുന്ന മലിനീകരണപ്രശ്നം പരിഹരിക്കേണ്ടത് സർക്കാരിന്റെയും വ്യവസായത്തിന്റെയും സാമൂഹികവും നിയമപരവുമായ ഉത്തരവാദിത്തമാണ്. രാജസ്ഥാൻ ഹൈക്കോടതി പെറ്റീഷൻ നമ്പർ.2150/2004 പ്രകാരം, 1974 ലെ ജലം തടയുന്നതിനും മലിനീകരണ നിയന്ത്രണത്തിനും ഉള്ള വ്യവസ്ഥയുടെ ലംഘനമാണ്.
കാസർകോട് റെയിൽവേ സ്റ്റേഷനിൽ എത്തുന്നവർ വലിയ കഷ്ടമാണ് അനുഭവിക്കുന്നത്. പൊടിപടലം കാരണം വെയ്റ്റിംഗ് റൂമിൽ പോലും കാത്തിരിക്കാൻ കഴിയാത്ത സാഹചര്യമാണ്. ടൈൽസ് കട്ടിംഗ് ഉൾപ്പെടെയുള്ള പ്രവൃത്തികൾ പുറത്ത് നടത്താമായിരുന്നിട്ടും കരാറുകാർ അതിന് തയ്യാറാകുന്നില്ല. വിഷയത്തിൽ ഇടപെടാൻ അധികൃതരും തയ്യാറാകുന്നില്ല.
നാസർ ചെർക്കളം,( ജനറൽ സെക്രട്ടറി, കാസർകോട് റെയിൽവേ പാസഞ്ചർ അസോസിയേഷൻ )