പയ്യന്നൂർ: കേരള നവോത്ഥാന ആശയങ്ങളുടെ പ്രചാരണത്തോടൊപ്പം, ആദ്യ കാലത്ത് പൂരക്കളി രംഗത്ത് ആധിപത്യം പുലർത്തിയിരുന്ന സ്ത്രീകളുടെ ഈണവും താളവും തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തോടെ പൂരക്കളിയിൽ പുതുചരിത്രം എഴുതിച്ചേർക്കാൻ ഒരുങ്ങുകയാണ് ചെറുതാഴം കൊവ്വൽ റെഡ്സ്റ്റാർ ക്ലബ്ബിലെ മുപ്പതോളം വനിതകൾ.
ഒരു മണിക്കൂറോളം നീണ്ടുനിൽക്കുന്ന പ്രകടനത്തിൽ പൂരക്കളിയിലെ വ്യത്യസ്തങ്ങളായ അഞ്ച് കളികളുടെ വിഷയം ഏറെ പുതുമയോടെയാണ് അവതരിപ്പിക്കുന്നത്. സാധാരണയുള്ള പുരാണകഥകൾക്ക് പകരം കേരള നവോത്ഥാന ചരിത്രമാണ് പാട്ടുകൾക്ക് വിഷയമാകുന്നത്. നവോത്ഥാന പ്രസ്ഥാനങ്ങൾ, നേതാക്കൾ, സമരങ്ങൾ തുടങ്ങിയവയെല്ലാം പാട്ടുകളിലൂടെ പുനർജ്ജനിക്കുന്നുണ്ട്.
രാമായണശീലിൽ ചിട്ടപ്പെടുത്തിയ മേൽക്കളിയിൽ പൊട്ടൻ തെയ്യത്തിന്റെ പുരാവൃത്തമാണ് പറയുന്നത്. ഉച്ച നീചത്വത്തിനെതിരെ ശങ്കരാചാര്യരുമായി കൊമ്പുകോർത്ത അലങ്കാരനു മുന്നിൽ ആചാര്യർ അടിയറവ് പറയുന്നതും പിന്നീട് അലങ്കാരന് വന്നുചേർന്ന ദുരന്തവും ഈ കളിപ്പാട്ടിൽ പരാമർശിക്കുന്നുണ്ട്.
29, 30, 31 തീയതികളിൽ നടക്കുന്ന കൊവ്വൽ റെഡ്സ്റ്റാർ ക്ലബ്ബിന്റെ 38-ാമത് വാർഷികാഘോഷ പരിപാടികളിൽ 30ന് വൈകുന്നേരം 7ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി വനിതകളുടെ പൂരക്കളി അരങ്ങേറ്റം ഉദ്ഘാടനം ചെയ്യും. എം.പി. ഗിരിഷ് (പ്രസിഡന്റ്), എ. നിഷാന്ത് (സെക്രട്ടറി), ഒ.കെ. ബൈജു (ട്രഷറർ) എന്നിവർ ഭാരവാഹികളായ ക്ലബ്ബിൽ 80 ഓളം മെമ്പർമാരുണ്ട്. സംസ്ഥാന യുവജനക്ഷേമ ബോർഡിന്റേതടക്കം നിരവധി പുരസ്കാരങ്ങളും അംഗീകാരങ്ങളും ക്ലബ്ബിന് ഇതിനകം ലഭിച്ചിട്ടുണ്ട്.
പരിശീലനത്തിന് 6 മാസം
നവോത്ഥന ആശയങ്ങൾ ഉൾപ്പെടുത്തി അവതരിപ്പിക്കുന്ന വനിത പൂരക്കളിയിൽ ഒന്നാം നിറവും രണ്ടാം നിറവും തൊഴുതു പാട്ടും എഴുതിയത് സുരേഷ് പരവന്തട്ടയാണ്. മേൽക്കളിയായ പൊട്ടൻ തെയ്യത്തിന്റെ കഥയും ഒരു ചിന്ത് പാട്ടും പ്രമുഖ ചിത്രകാരൻ കൂടിയായ കെ.കെ.ആർ വെങ്ങരയും രചിച്ചു. ഇരുവരും ചേർന്ന് ആറുമാസം കൊണ്ടാണ് വനിത പൂരക്കളി ടീമിനെ പരിശീലിപ്പിച്ചത്.
കാമദഹനവും പൂരക്കളിയും
കാമദഹനവുമായി ബന്ധപ്പെട്ട കഥകളാണ് പൂരക്കളിയുടെ പുരാവൃത്തങ്ങൾ രേഖപ്പെടുത്തുന്നത്. പരമശിവന്റെ കോപാഗ്നിയിൽ വെന്തുമരിച്ച കാമന്റെ പുനർജന്മത്തിനായി ശ്രീപാർവതിയടക്കമുള്ളവർ പരമേശ്വനു മുന്നിൽ താണുകേണ് പ്രാർത്ഥിച്ചപ്പോൾ ശിവന്റെ നിർദ്ദേശമനുസരിച്ച് പുഷ്പപൂജ നടത്തുകയും പ്രാർത്ഥനാനന്തരം കാമസാന്നിദ്ധ്യം തെളിഞ്ഞപ്പോൾ അവർ ആനന്ദനൃത്തമാടിയതിന്റെ സ്മരണയാണ് പൂരക്കളി എന്നാണ് ഒരു വിശ്വാസം. ആദ്യ കാലത്ത് സ്ത്രീകളായിരുന്നുവത്രെ പൂരക്കളി പതിനെട്ട് നിറങ്ങളിൽ ആടിക്കളിച്ചത്. പിന്നീട് കളിയരങ്ങുകൾ പുരുഷൻമാർ കീഴടക്കുകയായിരുന്നു എന്ന് വിശ്വസിക്കുന്നവരുമുണ്ട്. അതോടെ കളിയിൽ കളരിയുടെ സ്വാധീനവും ചടുല താളങ്ങളും ചുവടുകളുമൊക്കെ ഇടം പിടിക്കുകയും ചെയ്തു.