 
ചീമേനി (കാസർകോട്): കേരളം പോലെ ജനസാന്ദ്രത കൂടിയ ഗ്രാമങ്ങളിൽ ആണവ നിലയങ്ങൾ സ്ഥാപിക്കാനുള്ള നീക്കം കോർപ്പറേറ്റ് കമ്പനികളുടെയും ഭരണകൂടത്തിന്റെയും ഫാസിസ്റ്റ് അജണ്ടയുടെ ഭാഗമാണെന്ന് കൂടംകുളം ആണവനിലയ വിരുദ്ധ പ്രക്ഷോഭം നയിച്ച സമര പോരാളി എസ്.പി ഉദയകുമാർ പറഞ്ഞു. ജനാധിപത്യ വ്യവസ്ഥിതിയിൽ ഒട്ടും സുതാര്യമല്ലാതെ ജനങ്ങളുടെ മേൽ ആണവനിലയങ്ങൾ അടിച്ചേൽപ്പിക്കുന്നത് അംഗീകരിക്കാൻ കഴിയില്ല. ആണവനിലയങ്ങൾക്കും ന്യുക്ലിയർ ബോംബുകൾക്കും എതിരെ ശബ്ദിക്കുന്ന നേതാക്കളെയും ജനങ്ങളെയും മാവോയിസ്റ്റുകളും അർദ്ധ നക്സലുകളും തീവ്രവാദികളുമാക്കി ചിത്രീകരിച്ച് അടിച്ചമർത്തുന്ന ഫാസിസ്റ്റ് തന്ത്രമാണ് ഭരണാധികാരികൾ ആസൂത്രണം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
നിർദ്ദിഷ്ട ചീമേനി ആണവ നിലയത്തിനെതിരെ ചീമേനി വ്യാപാരി ഭവനിൽ വിളിച്ചുചേർത്ത ബഹുജന കൺവെൻഷൻ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു ഉദയകുമാർ. ആണവനിലയങ്ങൾ നമ്മുടെ നാട്ടിൽ തികച്ചും അപ്രായോഗികമാണ്. നമ്മുടെ വായുവും വെള്ളവും ആകാശവും പൂർണ്ണമായും മലിനമാകും. മനുഷ്യരുടെ ജീവിതം കൂടുതൽ അപകടത്തിലാകും. ചീമേനി പദ്ധതിയെ എതിർക്കാൻ ഞാൻ കൂടെ വരുമെന്നും ഉദയകുമാർ ഉറപ്പ് നൽകി. ഡോ. ഡി.സുരേന്ദ്രനാഥ് അദ്ധ്യക്ഷത വഹിച്ചു. എൻ. സുബ്രഹ്മണ്യൻ, കെ.രാമചന്ദ്രൻ, അഡ്വ. ടി.വി രാജേന്ദ്രൻ, എ.ജയരാമൻ, വി.കെ രവീന്ദ്രൻ, വിനോദ് രാമന്തളി, മുരളി, കെ.രാജൻ, ഉമേശൻ, സുസ്മിത തുടങ്ങിയവർ സംസാരിച്ചു. സുഭാഷ് ചീമേനി സ്വാഗതം പറഞ്ഞു.