 
കാസർകോട്: കെട്ടിട വാടകയ്ക്കുമേൽ ഏർപ്പെടുത്തിയ 18 ശതമാനം നികുതി ബാധ്യതയിൽ നിന്നും കോമ്പോസിഷൻ സ്കീം തിരഞ്ഞെടുത്ത ചെറുകിട വ്യാപാരികളെ ഒഴിവാക്കിയ 55- ാം ജി.എസ്.ടി. കൗൺസിലിന്റെ തീരുമാനത്തെ ഏകോപന സമിതി സ്വാഗതം ചെയ്യുന്നതായി വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സര പ്രസ്താവനയിൽ പറഞ്ഞു.
റെഗുലർ സ്കീമിൽ ഉൾപ്പെട്ടവർക്ക് റിവേഴ്‌സ് ചാർജ് സംവിധാനത്തിലൂടെ നിബന്ധനകൾക്ക് വിധേയമായി വാടകയിന്മേലുള്ള നികുതി ബാദ്ധ്യതയിൽ നിന്നും ഒഴിവാകാൻ കഴിയുന്ന സാഹചര്യം ഉണ്ടായിരുന്നപ്പോഴും ചെറുകിട വ്യാപാരികളുടെ മേൽ ഈ ബദ്ധ്യത നിഷ്കരുണം അടിച്ചേൽപ്പിക്കുന്നതായിരുന്നു ജി.എസ്.ടി കൗൺസിലിന്റ മുൻ തീരുമാനം. നിലനിൽപ്പിനായി പൊരുതുന്ന ചെറുകിട വ്യാപാരികൾക്കെതിരെയുള്ള ക്രൂരമായ ഈ നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഏകോപന സമിതി പ്രധാനമന്ത്രി, കേന്ദ്ര ധനമന്ത്രി എന്നിവർക്കും, ജി.എസ്.ടി കൗൺസിലിനും നിവേദനങ്ങൾ നൽകുകയും പ്രക്ഷോഭങ്ങൾ നടത്തുകയുമുണ്ടായി.
വ്യാപാരികളുടെ വിവിധ ആവശ്യങ്ങൾ നേടിയെടുക്കുന്നതിനായി ഫെബ്രുവരി നാലിന് നടക്കുന്ന പാർലമെന്റ് മാർച്ച് ഉൾപ്പെടെയുള്ള സമരപരിപാടികൾ വിജയിപ്പിക്കാൻ എല്ലാ യൂണിറ്റ് ഭാരവാഹികളോടും അംഗങ്ങളോടും രാജു അപ്സര അഭ്യർത്ഥിച്ചു.
രാജ്യത്തെ ചെറുകിട, ഇടത്തരം വ്യാപാരികൾക്ക് മാന്യമായി തൊഴിൽ ചെയ്യുവാനുള്ള സാഹചര്യം ഇവിടെ ഉണ്ടാകണം. അവർക്ക് മുന്നിലുള്ള വ്യാപാര സാദ്ധ്യതകൾ ഗൂഢലക്ഷ്യങ്ങൾക്കായി കൊട്ടിയടയ്ക്കുന്ന നയങ്ങൾ തിരുത്തപ്പെടണം.
രാജു അപ്സര, വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ്