കാസർകോട് : ബദിയടുക്ക പെർളയിൽ ഉണ്ടായ വൻ തീപിടുത്തത്തിൽ കെട്ടിട സമുച്ചയം കത്തി നശിച്ചു. കെട്ടിടത്തിൽ ഉണ്ടായിരുന്ന ആറു കടകൾ പൂർണമായും കത്തിയിരുന്നു. ശനിയാഴ്ച അർദ്ധരാത്രിയിൽ ഉണ്ടായ തീപ്പിടുത്തം ഞായറാഴ്ച രാവിലെയാണ് നിയന്ത്രണ വിധേയമായത്. പെർള ടൗണിൽ ബദിയടുക്ക പുത്തൂർ റോഡിന്റെ ഇടതുവശത്തുള്ള പൈ ബിൽഡിംഗ് എന്ന കൊമേഴ്സ്യൽ കോംപ്ലക്സിലാണ് തീപിടുത്തം ഉണ്ടായത്.
പൂജ ഫാൻസി, പൈ ക്ലോത്ത് സ്റ്റോർ, ഒരു പേപ്പർ വിതരണ കേന്ദ്രം, പ്രവീൺ ഓട്ടോമൊബൈൽസ് സാദാത് സ്റ്റോർ, ഗൗതം ഗോൾഡ് ഹൗസ് തുടങ്ങിയ കടകളാണ് അഗ്നിക്കിരയായത്. തീപിടുത്തത്തിൽ 1, 83,50,000 രൂപയുടെ നഷ്ടം സംഭവിച്ചതായി കണക്കാക്കുന്നു. കെട്ടിടം ഉടമ ഗോപിനാഥ് പൈ നൽകിയ പരാതിയിൽ ബദിയടുക്ക പൊലീസ് കേസെടുത്തു.
അർദ്ധരാത്രിയിൽ 12. 15നാണ് തീപിടുത്തം ശ്രദ്ധയിൽപ്പെട്ടത്. നാട്ടുകാർ ഉടൻതന്നെ അഗ്നിശമന സേനാംഗങ്ങളെ വിവരമറിയിച്ചു. ഈ സമീപത്തെ കെട്ടിടങ്ങളിലേക്ക് പടരാൻ സാധ്യതയുണ്ടെന്ന് അറിഞ്ഞതോടെ സ്ഥിതിഗതികളുടെ ഗൗരവം വർദ്ധിച്ചു. കാസർകോട് മഞ്ചേശ്വരം എന്നിവിടങ്ങളിൽ നിന്ന് 5 അഗ്നിസമനസേന യൂണിറ്റുകൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. ഏകദേശം നാലു മണിക്കൂറോളം നാട്ടുകാരുടെയും അഗ്നിസമന സേനാംഗങ്ങളുടെയും തീവ്ര പരിശ്രമത്തിന്റെ ഫലമായാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. മറ്റു സംശയകരമായ കാരണങ്ങളില്ലെന്നാണ് പൊലീസും സൂചന നൽകുന്നത്.