
കണ്ണൂർ: അതിതീവ്ര അപകടമേഖലകളെ ബ്ളാക്ക് സ്പോട്ടുകളാക്കി തിരിച്ച് റോഡ് നിയമം ലംഘിക്കുന്നവർക്കെതിരെ നടപടി കർശനമാക്കി മോട്ടോർവാഹനവകുപ്പും പൊലീസും.സംസ്ഥാനത്ത് അടുത്തിടെ വാഹനാപകടങ്ങൾ കൂടി വരുന്ന സാഹചര്യത്തിലാണ് കണ്ണൂർ ജില്ലയിലെ 27 ബ്ളാക്ക് സ്പോട്ടുകളിൽ രണ്ടുമണിക്കൂർ വീതം പരിശോധന നടത്തുന്നത്.
ഡിസംബർ 17ന് തുടങ്ങിയ പരിശോധനയിൽ ഇതിനകം 975 കേസുകളാണ് രജിസ്റ്റർ ചെയ്തത്. പിഴയിനത്തിൽ 14 ലക്ഷമാണ് നിയമലംഘകരിൽ നിന്ന് ഈടാക്കിയത്. ആകെയുള്ള 27 ബ്ളാക്ക് സ്പോട്ടുകളിൽ 24 ഇടത്തും പരിശോധന പൂർത്തിയാക്കി.
മോട്ടോർ വാഹന വകുപ്പ് തയാറാക്കിയ കണക്ക് പ്രകാരം 2019ൽ ജില്ലയിൽ അതിതീവ്ര 37 അപകട മേഖലകളാണ് ഉണ്ടായിരുന്നത്. അഞ്ചുവർഷത്തിനിപ്പുറം ഇത് 27 എണ്ണമായി കുറഞ്ഞു. എന്നാൽ ബാക്കിയുള്ള 27 ബ്ളാക്ക് സ്പോട്ടുകളിലും പഴയ സ്ഥിതി തുടരുകയാണ്.
റോഡിലിറങ്ങിയ കുട്ടിഡ്രൈവർമാർ 500
റോഡിലിറങ്ങുന്ന കുട്ടി ഡ്രൈവർമാരുടെ എണ്ണം വർദ്ധിച്ചിട്ടുണ്ടെന്നാണ് പരിശോധനയിൽ കണ്ടെത്തിയിരിക്കുന്നത്. ഈ വർഷം ഇതുവരെ ജില്ലയിൽ മാത്രം ഇത്തരത്തിൽ അഞ്ഞൂറോളം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
കൂടുതൽ കേസുകൾ
ഹെൽമെറ്റില്ലാതെ ഇരുചക്രവാഹനമോടിക്കൽ
സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കൽ
ഇരുചക്രവാഹനങ്ങളിൽ മൂന്നുപേർ
ഇൻഷുറൻസ് ഇല്ലാത്തത്
കൃത്യമല്ലാത്ത നമ്പർ പ്ലേറ്റ്
മൊബൈലിൽ സംസാരിച്ച് വാഹനമോടിക്കൽ
ആകെ രജിസ്റ്റർ ചെയ്ത കേസുകൾ- 975
പിഴ ഈടാക്കിയത്-14,27,000
കുരുതിക്കളങ്ങൾ ഇവ
ഗാന്ധി സർക്കിൾ(കാൾക്‌സ്), കൊയ്ലി ആശുപത്രി ബസ് കാത്തിരിപ്പ് കേന്ദ്രം, പള്ളിക്കുളം ഗുരുമന്ദിരം, കണ്ണൂർ എസ്.എൻ കോളേജ് കവല, പള്ളിക്കുന്ന് ബസ് കാത്തിരിപ്പ് കേന്ദ്രം, പുതിയതെരു മണ്ഡപം സ്റ്റോപ്പ്, വളപട്ടണം ടോൾ ബൂത്ത് കവല, വളപട്ടണം പാലം, തലശേരി ക്രിക്കറ്റ് സ്റ്റേഡിയം പാർക്ക്, കതിരൂർ വേറ്റുമ്മൽ പൊന്നമ്പത്ത് മുത്തപ്പൻ മടപ്പുര, കതിരൂർ നാലാം മൈൽ ബസ് കാത്തിരിപ്പ് കേന്ദ്രം, ന്യൂമാഹി പുന്നോൽ ബസ് കാത്തിരിപ്പ് കേന്ദ്രം, കുപ്പം പാലം, തളിപ്പറമ്പ് ഏഴാം മൈൽ ബസ് കാത്തിരിപ്പ് കേന്ദ്രം, പുഷ്പഗിരി ബസ് കാത്തിരിപ്പ് കേന്ദ്രം, ബക്കളം ബിലാൽ ജുമാ മസ്ജിദ്, പയ്യന്നൂർ ബസ് സ്റ്റാൻഡ് പരിസരം, പെരുമ്പ ജുമാ മസ്ജിദ് പരിസരം, പയ്യന്നൂർ കോളേജ് ബസ് കാത്തിരിപ്പ് കേന്ദ്രം, പാപ്പിനിശേരി ചുങ്കം റെയിൽവേ മേൽപ്പാലം, മുട്ടിൽ റോഡ് കവല, കണ്ണപുരം വെള്ളരങ്ങൽ ബദർ മസ്ജിദ് പരിസരം, മാങ്ങാട് ജുമാ മസ്ജിദ് പരിസരം, മാങ്ങാട് ഇൻഫന്റ് ജീസസ് പള്ളി, പിലാത്തറ ബസ് കാത്തിരിപ്പ് കേന്ദ്രം, കൂത്തുപറമ്പ് മമ്പറം റോഡിലെ താഴെ കായലോട് റോഡ്, ഇരിട്ടി മേഖലയിലെ ജബ്ബാർ കടവ് പായം റോഡ് .
ബ്ലാക്ക് സ്പോർട്ടുകൾ കണ്ടെത്തിയാണ് പരിശോധന.പലരുടെയും അശ്രദ്ധയാണ് വലിയ അപകടത്തിലേക്കെത്തിക്കുന്നത് .പരിശോധന വരും ദിവസങ്ങളിലും തുടരും.നിയമ ലഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ കർശ്ശന നടപടിയെടുക്കും
ബി. സാജു ,എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ,കണ്ണൂർ