മാഹി: തലശ്ശേരി -മാഹി ബൈപ്പാസ് റോഡിലെ ഈസ്റ്റ് പള്ളൂർ ജംഗ്ഷനിൽ സിഗ്നൽ ലൈറ്റുകൾ കണ്ണടച്ചിട്ട് പത്താംദിവസം!
സിഗ്നൽ വിളക്കുകൾ മഴിയടച്ചതോടെ അധികൃതർ റോഡ് തന്നെ അടച്ചിടുകയായിരുന്നു. സിഗ്നൽ സംവിധാനത്തിലെ എട്ട് ബാറ്ററികൾ മോഷണം പോയതാണ് യാത്രക്കാർക്ക് വിനയായത്.
നിരവധി വാഹനങ്ങൾ കടന്നു പോകുന്ന പളളൂർ -പെരിങ്ങാടി റോഡ് അടച്ചിട്ടതിനാൽ നൂറുകണക്കിന് യാത്രക്കാരാണ് വലഞ്ഞത്. ഒൻപത് നാളുകൾ കഴിഞ്ഞിട്ടും മോഷണം പോയ ബാറ്ററികൾ കണ്ടുപിടിക്കാനോ, പുതിയ ബാറ്ററി സ്ഥാപിക്കുവാനോ കഴിയാത്തതിൽ യാത്രക്കാർ രോഷത്തിലാണ്. സിഗ്നൽ പ്രവർത്തനരഹിതമായതിനാൽ സ്പിന്നിംഗ് മിൽ പെരിങ്ങാടി റോഡ് വഴിയുള്ള യാത്രയും തടയപ്പെട്ടു.
ഇപ്പോൾ സർവീസ് റോഡ് വഴി കറങ്ങി വേണം വാഹനങ്ങൾ പോവാൻ. പലപ്പോഴും സർവീസ് റോഡിലൂടെ വൺവേ തെറ്റിച്ചാണ് വാഹനങ്ങൾ പോവുന്നത്. ചൊക്ലി കവിയൂർ മമ്മിമുക്ക് റോഡിന്റെ റീടാറിംഗ് പ്രവൃത്തികൾ നടക്കുന്നതിനാൽ അതുവഴി പോവുന്നതും ദുഷ്‌കരമായി. ഇതോടെ പ്രായമേറിയവരും സ്ത്രീകളും കുട്ടികളുമുൾപ്പെടെ നിരവധി യാത്രക്കാർക്ക് യാത്ര ദുരിതമായി. അടിയന്തരമായി സിഗ്നൽ പ്രവർത്തനക്ഷമമാക്കണമെന്ന് ആവശ്യപ്പെട്ട് ബഹുജന പ്രക്ഷോഭത്തിനൊരുങ്ങുകയാണ് നാട്ടുകാർ.
ഈസ്റ്റ് പള്ളൂരിലെ ട്രാഫിക് സിഗ്നൽ ബാറ്ററികൾ മോഷണം പോയതിൽ ഇരുവശങ്ങളിലേക്കുമുള്ള സർവ്വീസ് റോഡുകളും സ്പിന്നിംഗ് മിൽ മാഹി റോഡും അടച്ചിരിക്കുന്നത് അംഗീകരിക്കാനാവില്ല. മോഷ്ടാവിനെ പിടികൂടാനോ, പകരം ബാറ്ററികൾ സ്ഥാപിക്കാനോ തയ്യാറാവാതെ, ദിവസങ്ങളോളം റോഡടച്ച് ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം തടയുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്.
ഇ.കെ.റഫീഖ്, ജനറൽ സെക്രട്ടറി
ജനശബ്ദം മാഹി