പിലാത്തറ: ശ്രീരാഘവപുരം സഭാ യോഗം 1231ാമത് വാർഷികസഭയും മഹാവേദ ഭജനവും 25 മുതൽ 29 വരെ ചെറുതാഴം കണ്ണിശ്ശേരികാവിൽ നടക്കും. ഋക്, യജുസ്, സാമം എന്നീ മൂന്ന് വേദങ്ങളുടെയും മുറജപത്തോടൊപ്പം ആദ്ധ്യാത്മിക സാംസ്‌കാരിക വിദ്വത്സദസ്സുകളും ക്ഷേത്രകലകളുടെ അവതരണങ്ങളും ഉണ്ടായിരിക്കും. ശ്രീശങ്കര പരമ്പരയിലെ സ്വാമിയാർമാരും വൈദികശ്രേഷ്ഠരും വിവിധ മണ്ഡലങ്ങളിൽ നിന്നുള്ള വിശിഷ്ടവ്യക്തികളും വാർഷിക വേദഭജന വേദിയിൽ പങ്കെടുക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
യജുർവ്വേദ മുറഹോമം, സുകൃതഹോമം, പുരുഷസൂക്തഹോമം തുടങ്ങിയ വിശേഷാൽ ഹോമങ്ങളും ഗോപൂജ, സർപ്പബലി, ശ്രീചക്രപൂജ, ശ്രീരാമപൂജ, പരശുരാമപൂജ, ഭുവനേശ്വരിപൂജ തുടങ്ങിയ വിശേഷാൽ പൂജകളും പുരാണപാരായണങ്ങൾ, നാമസങ്കീർത്തനങ്ങൾ എന്നിവയും ഉണ്ടായിരിക്കും. വാരമിരിക്കൽ, അശ്വമേധനമസ്‌കാരം, അരുണനമസ്‌കാരം എന്നീ വൈദിക ഉപാസനകൾക്കും കണ്ണിശ്ശേരികാവ് വേദിയാവും. പന്തൽ വൈദികൻ ദാമോദരൻ നമ്പൂതിരി, കവപ്ര മാറത്ത് നാരായണൻ നമ്പൂതിരി, തോട്ടം ശിവകരൻ നമ്പൂതിരി, നടുവത്ത് പുടയൂർ വാസുദേവൻ നമ്പൂതിരി തുടങ്ങി രാഘവപുരം വാദ്ധ്യാന്മാരുൾപ്പെടെ കേരളത്തിന്റെ വിവിധ വൈദികഗ്രാമങ്ങളിൽ നിന്നുള്ള 36 പുരോഹിതരും തന്ത്രിമാരും കാർമ്മികരാകും. 29 ന് വേദസമർപ്പണവും 108 വൈദികബ്രാഹ്മണർ പങ്കെടുക്കുന്ന ലക്ഷാർച്ചനയും കലശാഭിഷേകവും ഉണ്ടായിരിക്കും. 25 ന് രാവിലെ നടക്കുന്ന ദേവസ്വം സമ്മേളനം അഖിലകേരള ക്ഷേത്ര ദേവസ്വം ഊരാളസഭ പ്രസിഡന്റ് കുഞ്ഞിമാധവൻ കനകത്തിടത്തിന്റെ അദ്ധ്യക്ഷതയിൽ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ടി.വി.മാധവൻ നമ്പൂതിരി, ഡോ.ഒ.സി.കൃഷ്ണൻ നമ്പൂതിരി, ഹരി പേർക്കുണ്ഡി വാദ്ധ്യാൻ, കാനപ്രം ശങ്കരൻ നമ്പൂതിരി, ജഗദീഷ് ശ്രീധർ, ഉണ്ണികൃഷ്ണൻ ചെറുകുടൽ എന്നിവർ പങ്കെടുത്തു.