
കണ്ണൂർ: പാഞ്ഞടുത്ത ട്രെയിനിനടയിൽ വീണിട്ടും ഒരു പോറൽ പോലും ഏൽക്കാതെ ഗൃഹനാഥൻ രക്ഷപ്പെട്ട ദൃശ്യം സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നു. കണ്ണൂർ പള്ളിക്കുന്ന് സ്വദേശി പവിത്രനാണ് (55) രക്ഷപ്പെട്ടത്. കണ്ണൂർ പന്ന്യൻപാറ റെയിൽവേ ട്രാക്കിൽ തിങ്കളാഴ്ച വൈകിട്ട് ആറിനായിരുന്നു സംഭവം.
കടമ്പൂർ ഹയർ സെക്കൻഡറി സ്കൂൾ ബസിലെ ക്ലീനറാണ് പവിത്രൻ. ജോലി കഴിഞ്ഞ് പാളത്തിലൂടെ വീട്ടിലേക്ക് മൊബൈലിൽ സംസാരിച്ച് പോകുന്നതിനിടെയാണ് മംഗളൂരു-തിരുവനന്തപുരം സെൻട്രൽ എക്‌സ്‌പ്രസിന് മുന്നിൽപ്പെട്ടത്. എന്നാൽ പാളത്തിൽ നിന്ന് മാറാനായില്ല. തുടർന്നാണ് കമിഴ്ന്ന് കിടന്നത്. ട്രെയിൻ പോയ ശേഷം എഴുന്നേറ്റു. അപ്പേഴും ജീവൻ തിരിച്ചുകിട്ടിയെന്ന് വിശ്വസിക്കാനായില്ലെന്ന് പവിത്രൻ പറഞ്ഞു. വീട്ടിലെത്തി സംഭവം പറഞ്ഞപ്പോൾ എല്ലാവരും പേടിച്ചു. ശരീരത്തിന് ഒരു പോറൽ പോലും ഏറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം മദ്യപിച്ച് ബോധമില്ലാതെ നടന്നതിനാലാണ് അപകടമെന്നായിരുന്നു സോഷ്യൽമീഡിയയിലെ വിമർശനം. എന്നാൽ താൻ മദ്യപിക്കാറില്ലെന്ന് പവിത്രൻ പറഞ്ഞു.
പവിത്രനെതിരെ കേസ്
പവിത്രനെതിരെ ആർ.പി.എഫ് കേസെടുത്തു. അതീവ സുരക്ഷാ പ്രദേശമായ റെയിൽപാളത്തിൽ അതിക്രമിച്ചു കയറിയതിനാണ് നടപടി. പവിത്രനെ വിളിച്ചുവരുത്തി ആർ.പി.എഫ് മൊഴിയെടുത്തു. റെയിൽപാളത്തിലൂടെ സഞ്ചരിച്ചത് ദുരുദ്ദേശപരമായ കാര്യത്തിനാണോ എന്നുൾപ്പെടെ വിശദമായി അന്വേഷിച്ചു വരികയാണെന്ന് ആർ.പി.എഫ് അറിയിച്ചു. പന്ന്യൻ പാറ സ്വദേശി ശ്രീജിത്താണ് ട്രെയിനിനടിയിൽ വീണയാളുടെ ദൃശ്യം പകർത്തിയത്. ആൾ ട്രാക്കിൽ കമിഴ്ന്ന് കിടക്കുന്നതു കണ്ടപ്പോൾ വിറച്ചു പോയെന്ന് ശ്രീജിത്ത് പറഞ്ഞു. ദൃശ്യം പകർത്തുമ്പോൾ കൈ വിറച്ചിരുന്നു. ഇന്നലെ നോക്കിയപ്പോഴാണ് തന്റെ വീഡിയോ വൈറലായത് ശ്രദ്ധിച്ചതെന്നും ശ്രീജിത്ത് പറഞ്ഞു.
ട്രെയിൻ വരുന്നത് കണ്ടപ്പോൾ സ്തംഭിച്ചു പോയിരുന്നു. എന്നാലും മനോധൈര്യം വീണ്ടെടുത്ത് പാളത്തിൽ കമിഴ്ന്ന് കിടക്കുകയായിരുന്നു. ഒന്നനങ്ങിയാൽ എന്റെ തല പോയേനെ. ട്രെയിൻ പോയപ്പോൾ എഴുന്നേറ്റ് പാളത്തിലൂടെ വീണ്ടും നടന്നെങ്കിലും ഉള്ളിൽ നടുക്കമായിരുന്നു
- പവിത്രൻ