sepak-thakro

തൃക്കരിപ്പൂർ: കേരളത്തിൽ ഫുട്ബാൾ താരങ്ങളെ ഉത്പാദിപ്പിക്കുന്നത് പേരെടുത്ത നാടാണ് തൃക്കരിപ്പൂർ. പത്തുപേരെ കണ്ടാൽ അഞ്ചുപേർക്കെങ്കിലും ഫുട്ബാളുമായി ബന്ധമുണ്ടാകും. കാൽപന്തിന് മനസ് കൊടുത്ത ഈ നാട് കുറച്ചുദിവസങ്ങളായി മറ്രൊരു ഗെയിമിന് പിറകെയാണ്. കിക്ക് വോളി എന്നും ഫുട് വോളിബാൾ എന്നും പേരുള്ള സെപക് താക്രോയുടെ ദേശീയ സബ്‌ജൂനിയർ ചാമ്പ്യൻഷിപ്പിന്റെ ആവേശത്തിലാണ് ഇന്നാട്ടുകാർ.

തൃക്കരിപ്പൂർ മിനി സ്റ്റേഡിയത്തിൽ പ്രത്യേകം തയ്യാറാക്കിയ കോർട്ടിൽ രാവിലെയും ഫ്ലഡ്ലിറ്റിൽ രാത്രിയിലുമായാണ് ചാമ്പ്യൻഷിപ്പ് നടക്കുന്നത്. ഫുട്ബോളിലും കബഡിയിലും ഇന്ത്യൻ താരങ്ങളെയും നിരവധി പ്രൊഫഷണൽ പ്രതിഭകളെയും വളർത്തിയെടുത്ത തൃക്കരിപ്പൂരിന് അത്രയൊന്നും പരിചിതമല്ലെങ്കിലും ദിവസം കഴിയുന്തോറും കാണികൾ കൂടുകയാണ്.

കായികാദ്ധ്യാപകൻ കെ.വി.ബാബുവിന്റെ നേതൃത്വത്തിൽ ജില്ലാ അസോസിയേഷൻ രൂപീകരിച്ച് പതിനഞ്ചു വർഷത്തോളമായി പ്രവർത്തിക്കുന്നുണ്ട്. തൃക്കരിപ്പൂർ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.ബാവ ചെയർമാനും ഡോ.വി.പി.പി.മുസ്തഫ ജനറൽ കൺവീനറും സി. സുനിൽകുമാർ വർക്കിംഗ് ചെയർമാനുമായ സംഘാടകസമിതിയാണ് ടൂർണമെന്റിനെ വൻവിജയത്തിലേക്ക് നയിക്കുന്നത്. മത്സരം 26നാണ് സമാപിക്കുന്നത്.

ആറുപേർ കാസർകോട്ടുകാർ

ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന ടീമിൽ ആറുപേർ കാസർകോട്ടുകാരാണ്. വനിതാ ടീമിന്റെ ക്യാപ്റ്റൻ റിൻഷ അബ്ദുൾ ഖബീർ, എം ഹാഷിമ, എ കെ തീർത്ഥ, ആതിദേവ്, വി കെ മുഹമ്മദ് റൈഹാൻ, എസ് അജയ് എന്നിവരാണ് ദേശീയ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നത്.പാലക്കാടുള്ള വിഷോയ്, ശ്രുതി, വലിയപറമ്പിലെ തീർഥ ഉൾപ്പെടെ ഇന്റർനാഷണൽ താരങ്ങളും കാസർകോട്ടെ പി ഷക്കീർ, കെ ശ്രേയ, ധനുൽ കൃഷ്ണൻ, നന്ദുകൃഷ്ണൻ തുടങ്ങിയവരും ദേശീയ താരങ്ങളാണ്.

മലേഷ്യൻ ദേശീയവിനോദം

മലേഷ്യയുടെ ദേശീയ കായിക ഇനമായ സെപക് രാഗ ജാരിംഗ് ആണ് ചില മാറ്റങ്ങളോടെ സെപക് താക്റോ എന്ന് പുനർനാമകരണം ചെയ്ത് പല രാജ്യങ്ങളിലും പ്രശസ്തമായിക്കൊണ്ടിരിക്കുന്നത്.

ബാഡ്മിന്റൺ കോർട്ടിനോട് സാമ്യമുള്ള ഒരു കോർട്ടിൽ രണ്ട് മുതൽ നാല് വരെ കളിക്കാർ അടങ്ങുന്നതാണ് മത്സരം.

കളിക്കാർ പന്ത് തൊടാൻ പാദങ്ങൾ, കാൽമുട്ടുകൾ, തോളുകൾ, നെഞ്ച്, തല എന്നിവ മാത്രം ഉപയോഗിക്കുന്നു. വോളിബോൾ പോലെ നിലത്തുവീഴാതെ പ്രത്യേകതരം പന്ത്‌ മൂന്നു ടച്ച്‌ കൊണ്ട് അപ്പുറത്തെത്തിക്കണം.വായുവിൽ ഉയർന്നു ചാടി കാലു കൊണ്ടുള്ള സ്മാഷും എതിരാളിക്ക് പ്രതിരോധിക്കാൻ കഴിയാത്ത വിധത്തിലുള്ള ബൈസിക്കിൾ കട്ടുമൊക്കെയാണ് കളിയുടെ ആകർഷണം.